എച്ച്പിയെ വിഴുങ്ങാൻ സിറോക്സ്
Thursday, November 7, 2019 11:58 PM IST
പാലോ ആൾട്ടോ (കലിഫോർണിയ): എച്ച്പി ഇൻകോർപറേറ്റഡിനെ വിഴുങ്ങാൻ സിറോക്സ് കന്പനി. രണ്ടു കന്പനിയും വളർച്ചയ്ക്കു വഴികാണാതെ നില്ക്കുകയാണെങ്കിലും ഈ നീക്കം നടക്കുമെന്ന് ഉറപ്പില്ല. സിറോക്സിന്റെ മൂന്നു മടങ്ങ് വലുപ്പമുള്ളതാണ് എച്ച്പി. എച്ച്പിയുടെ സങ്കീർണ ബിസിനസ് മേഖലകൾ കൈകാര്യം ചെയ്യാൻ സിറോക്സിനു ശേഷിയുണ്ടോ എന്നും സംശയമുണ്ട്.
ലോകത്തിലെ ഏറ്റവും വലിയ പ്രിന്റർ നിർമാതാക്കളാണ് എച്ച്പി. ഹ്യൂലെറ്റ് പക്കാർഡ് എന്ന മാതൃകന്പനിയിൽ നിന്ന് 2015-ൽ വേർപെടുത്തി ഉണ്ടാക്കിയതാണ് എച്ച്പി ഇൻകോർപറേറ്റഡ്. ഹാർഡ്വേർ, സോഫ്റ്റ്വേർ, ഐടി സർവീസസ്, ഐടി കൺസൾട്ടിംഗ് എന്നിവ നടത്തുന്ന ഹ്യൂലെറ്റ് പക്കാർഡ് എന്റർപ്രൈസസ് വേറൊരു കന്പനിയാണ്.
ലോകത്തിലെ ഏറ്റവും വലിയ ഫോട്ടോകോപ്പിയർ കന്പനിയാണ് സിറോക്സ്. പക്ഷേ ബിസിനസ് ഓരോ വർഷവും മോശമായി വരുന്നു. ഫ്യൂജി ഫിലിമുമായി ലയിക്കാൻ സിറോക്സ് നടത്തിയ ശ്രമം കഴിഞ്ഞ വർഷം പരാജയപ്പെട്ടിരുന്നു. ഫ്യൂജി സിറോക്സ് എന്ന സംയുക്ത കന്പനിയിലെ 25 ശതമാനം ഓഹരി വില്ക്കാനും സിറോക്സ് തീരുമാനിച്ചു.
1100 കോടി ഡോളർ വിറ്റുവരവും 800 കോടി ഡോളർ വിപണിമൂല്യവുമുള്ളതാണു സിറോക്സ്. എച്ച്പി ഇൻകോർപറേറ്റഡിന് 5800 കോടി ഡോളർ വിറ്റുവരവും 2700 കോടി ഡോളർ വിപണിമൂല്യവുമുണ്ട്.
എച്ച്പിയെ 3300 കോടി ഡോളർ മുടക്കി ഏറ്റെടുക്കാമെന്നാണു സിറോക്സിന്റെ ഓഫർ. ഇതിനു സിറ്റി ഗ്രൂപ്പ് 2000 കോടി ഡോളർ വായ്പ നല്കും. ഓഫർ പരിശോധിച്ചു വരുന്നതായി എച്ച്പി ഇൻകോർപറേറ്റഡ് വക്താക്കൾ പറഞ്ഞു. രണ്ടു കന്പനികളും ചെലവുചുരുക്കലും ജീവനക്കാരുടെ എണ്ണം കുറയ്ക്കലും നടത്തിവരികയാണ്.