ആർകോമിന്റെ ആസ്തികൾ ചുളുവിലയ്ക്കു ജിയോ നേടും
Tuesday, November 19, 2019 11:48 PM IST
മുംബൈ: രണ്ടുവർഷം മുന്പ് 25,000 കോടി രൂപ പറഞ്ഞ ബിസിനസ് ചുളുവിലയ്ക്കു കൈയടക്കാൻ മുകേഷ് അംബാനി. ഇളയ സഹോദരൻ അനിൽ അംബാനിയുടെ റിലയൻസ് കമ്യൂണിക്കേഷൻസിന് (ആർകോം) 2017ൽ മുകേഷ് 25,000 കോടി രൂപ ഓഫർ ചെയ്തതാണ്. ആർകോമിന്റെ സ്പെക്ട്രം, ടവറുകൾ, ഓപ്റ്റിക്കൽ ഫൈബർ ശൃംഖല, അനുബന്ധ ആസ്തികൾ എന്നിവയ്ക്കായാണ് ഇത്രയും ഓഫർ ചെയ്തത്.
എന്നാൽ, ഈ വ്യാപാരത്തിനു ടെലികോം വകുപ്പ് തടസം നിന്നു. തടസം നീക്കാൻ മുകേഷ് ശ്രമിച്ചതുമില്ല. ആർകോം താമസിയാതെ പാപ്പർ നടപടികളിലേക്കു നീങ്ങി. അതിന്റെ ഭാഗമായി ഈയിടെ കന്പനിയെ മൊത്തം വാങ്ങാൻ താത്പര്യമുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.
ആർകോമിൽ താത്പര്യമെടുത്തു റിലയൻസിന്റെ ടെലികോം കന്പനി ജിയോ അപേക്ഷ നല്കി. ഭാരതി എയർടെൽ ഗ്രൂപ്പും അപേക്ഷകരായി.
ഭാരതി എയർടെൽ ഗ്രൂപ്പ് കഴിഞ്ഞ ദിവസം പിന്മാറി. ഇനി മുകേഷിന്റെ ജിയോ മാത്രമേ ഉള്ളൂ. അടുത്ത തിങ്കളാഴ്ച വായ്പാദാതാക്കളുടെ കമ്മിറ്റി അപേക്ഷകൾ പരിശോധിക്കും.
മറ്റാരുമില്ലാത്തതിനാൽ ജിയോയ്ക്ക് ആർകോം കിട്ടും. 2017-ലെ ഓഫറിൽനിന്നു വളരെ കുറഞ്ഞ തുകയേ റിലയൻസ് ഇപ്പോൾ നൽകേണ്ടിവരൂ.
അൻപതിനായിരം കോടിയിലേറെ രൂപയുടെ കടബാധ്യതയുമായാണ് ആർകോം പാപ്പർ കോടതിയിലെത്തിയത്. ഈയിടെ മൊബൈൽ കന്പനിയുടെ വരുമാനം സംബന്ധിച്ച സുപ്രീംകോടതി വിധി മൂലം സർക്കാരിന് 28,314 കോടി രൂപയുടെ തുക നൽകേണ്ട ബാധ്യതകൂടി ഉണ്ടായി.
ബാധ്യതകളൊന്നും ഏൽക്കാതെയാകും മുകേഷ് അംബാനി ആർകോമിനെ ഏറ്റെടുക്കുക. ബാങ്കുകൾക്കു കൊടുത്ത വായ്പയുടെ തുച്ഛമായ ഒരു ഭാഗമേ കിട്ടൂ. 29,500 കോടി രൂപയുടെ കടം ഉണ്ടായിരുന്ന അലോക് ഇൻഡസ്ട്രീസിനെ 5050 കോടി രൂപ മാത്രം നല്കിയാണു റിലയൻസ് ഈയിടെ ഏറ്റെടുത്തത്. ബാങ്കുകൾക്കു 17 ശതമാനം തുക മാത്രം കിട്ടി. അതേപോലെയാകും ആർകോമിനെയും റിലയൻസ് വിഴുങ്ങുക.