സ്വര്‍ണവില പുതിയ ഉയരത്തില്‍; പവന് 31,280
Friday, February 21, 2020 11:16 PM IST
കൊച്ചി: 31,000 രൂപയും കടന്ന് സ്വര്‍ണവില. ഇന്നലെ രണ്ടു തവണയായി ഗ്രാമിന് 50 രൂപയും പവന് 400 രൂപയും വര്‍ധിച്ച് സ്വര്‍ണവില പവന് 31,280 എന്ന സര്‍വകാല റിക്കാര്‍ഡ് രേഖപ്പെടുത്തി. ഒരു ഗ്രാമിന്റെ വില 3,910 രൂപയിലുമെത്തി. തുടര്‍ച്ചയായ മൂന്നാം ദിനവും റിക്കാര്‍ഡ് സൃഷ്ടിച്ചാണു സ്വര്‍ണവില ഉയര്‍ന്ന നിലവാരത്തിലെത്തിയത്. മൂന്നു ദിവസത്തിനിടെ ഗ്രാമിന് 110 രൂപയും പവന് 880 രൂപയും വര്‍ധിച്ചു.
കഴിഞ്ഞ 18ന് പവന് 30,400 രൂപയും ഗ്രാമിന് 3,800 രൂപയുമായിരുന്നു. അവിടെനിന്നാണു റോക്കറ്റ് വേഗത്തില്‍ വില വര്‍ധിച്ച് പുതിയ നിലവാരത്തിലെത്തിയത്. ഇന്നലെ രാവിലെ ഗ്രാമിന് 30 രൂപയും പവന് 240 രൂപയും വര്‍ധിച്ച് വ്യാപാരം പുരോഗമിക്കുന്നതിനിടെ വീണ്ടും വില വര്‍ധിക്കുകയായിരുന്നു.
നിലവില്‍ ഒരു പവന് സ്വര്‍ണം വാങ്ങുന്നതിന് ഉപഭോക്താവിന് 35,000 രൂപയ്ക്കു മുകളില്‍ ചെലവാകും.
ഒരു ലക്ഷം രൂപയ്ക്കു മൂന്നു പവന് സ്വര്‍ണംപോലും ലഭിക്കാത്ത സാഹചര്യമാണ് സംജാതമായിട്ടുള്ളത്.
ചൈനയിലെ കൊറോണ വൈറസിനെ ചുറ്റിയുള്ള അനിശ്ചിതത്വം മൂലം സുരക്ഷിതത്വം തേടി നിക്ഷേപകർ സ്വർണത്തിലേക്കു തിരിയുന്നതാണു വില വര്‍ധനയ്ക്ക് പ്രധാനപ്പെട്ട കാരണം.
അന്താരാഷ്ട്ര സ്വര്‍ണവില ട്രോയ് ഔണ്‍സിന് 1632 ഡോളറില്‍ എത്തിയിട്ടുണ്ട്. രൂപ കൂടുതല്‍ ദുര്‍ബലമായി 72 ലേക്കും എത്തി. തങ്കക്കട്ടിക്കുള്ള ബാങ്ക് നിരക്ക് 43,15,000 രൂപയാണ്.
സ്വര്‍ണത്തില്‍ വന്‍ നിക്ഷേപം നടത്തിയവര്‍ ലാഭമെടുക്കലിനായി വിറ്റഴിച്ചാല്‍ മാത്രമേ വില കുറയ ു എന്നാണു വിലയിരുത്തല്‍.
കൂടുതല്‍ ഉയര്‍ന്ന നിരക്കില്‍ മാത്രമേ ലാഭമെടുക്കാനുള്ള സാധ്യതയുള്ളൂ എന്നതിനാല്‍ വില വര്‍ധിക്കുമെന്ന സൂചനകളാണു വിപണിയില്‍നിന്നു ലഭിക്കുന്നത്. ഈ വർഷം ജനുവരി ഒന്നിന് 29,000 രൂപയായിരുന്നു പവൻവില. ഇന്നലെവരെ 3280 രൂപ വർധിച്ചു.
2019 ജനുവരി ഒന്നിന് 23440 രൂപയായിരുന്നിടത്തുനിന്ന് 7840 രൂപ വർധിച്ചു. 33.45 ശതമാനം വർധനയാണു 417 ദിവസംകൊണ്ട് ഉണ്ടായത്.