മാസ് എന്റർപ്രൈസസ് അഞ്ചാം തവണയും മികച്ച ഏലം കയറ്റുമതി സ്ഥാപനം
Thursday, February 27, 2020 12:11 AM IST
തൊടുപുഴ: ഇന്ത്യയിലെ ഏറ്റവും മികച്ച ഏലം കയറ്റുമതി സ്ഥാപനത്തിനുള്ള സ്പൈസസ് ബോർഡിന്റെ അവാർഡ് തുടർച്ചയായി അഞ്ചാം വർഷവും വണ്ടൻമേട് കേന്ദ്രമായി പ്രവർത്തിക്കുന്ന മാസ് എന്റർപ്രൈസസ് ലിമിറ്റഡിനു ലഭിച്ചതായി മാനേജിംഗ് ഡയറക്ടർ ടി.ടി. ജോസ് പത്രസമ്മേളനത്തിൽ അറിയിച്ചു.
2015-16, 2016-17 വർഷങ്ങളിൽ ഇന്ത്യയിൽ നിന്ന് ഏറ്റവും കൂടുതൽ ഏലക്കായ കയറ്റുമതി ചെയ്തതാണ് മാസ് എന്റർപ്രൈസസിനെ അവാർഡിന് അർഹമാക്കിയത്. എറണാകുളം താജ് ഗെയിറ്റ്വേ ഹോട്ടലിൽ നടന്ന ചടങ്ങിൽ കേന്ദ്രമന്ത്രി സോം പർകാഷിൽനിന്നു ടി.ടി.ജോസ് അവാർഡ് ഏറ്റുവാങ്ങി. ചടങ്ങിൽ ഹൈബി ഈഡൻ എംപി, ടി.ജെ.വിനോദ് എംഎൽഎ, സ്പൈസസ് ബോർഡ് സെക്രട്ടറി ഡി.സത്യൻ തുടങ്ങിയവർ പങ്കെടുത്തു.
മാസ് സ്പൈസസ്, പാലാട്ട് എന്നീ ബ്രാൻഡുകളിൽ കന്പനി ഏലക്കായ, മറ്റു സുഗന്ധവ്യഞ്ജനങ്ങൾ, കറിപൗഡർ, അച്ചാറുകൾ, പുട്ടുപൊടി തുടങ്ങിയവ കയറ്റുമതി ചെയ്യുന്നുണ്ട്. ഉയർന്ന ഗുണമേന്മയും വിതരണരംഗത്തെ വിശ്വസ്തതയുമാണ് വിദേശ രാജ്യങ്ങളിൽ പ്രത്യേകിച്ചു ഗൾഫ് നാടുകളിൽ മാസ് സ്പൈസസിനും പാലാട്ടിനും മികച്ച നേട്ടം കൈവരിക്കാൻ സഹായിച്ചതെന്നും ജോസ് പറഞ്ഞു.
ഏലം കയറ്റുമതിക്കു പുറമെ ഏലക്കലേലം, പാലാട്ട് ബ്രാൻഡിൽ കറിപൗഡറുകൾ, അച്ചാറുകൾ, അരിപ്പൊടികൾ തുടങ്ങിയ ഭക്ഷ്യഉത്പാദന മേഖലകളിലും ടൂറിസം, പ്ലാന്റേഷൻ മേഖലകളിലും കന്പനി സജീവമാണ്. പത്രസമ്മേളനത്തിൽ മാസ് മാനേജിംഗ് ഡയറക്ടർ ടി.ടിജോസ്, എക്സിക്യൂട്ടീവ് ഡയറക്ടർമാരായ ആൻജോ ടി. ജോസ്, ടോംസൻ സിറിൾ എന്നിവരും പങ്കെടുത്തു.