ട്രൂ കോളർ ഉപയോക്താക്കളുടെ വിവരങ്ങൾ ചോർന്നെന്ന് റിപ്പോർട്ട്; നിഷേധിച്ചു കന്പനി
Wednesday, May 27, 2020 11:35 PM IST
മുംബൈ: ട്രൂ കോളർ ഉപയോക്താക്കളായ 4.75 കോടി ഇന്ത്യക്കാരുടെ വിവരങ്ങൾ ഡാർക്ക് വെബ്ബിൽ വില്പനയ്ക്കു വച്ചിരിക്കുന്നതായി റിപ്പോർട്ട്.
ഓണ്‍ലൈൻ ഇന്റലിജന്റ്സ് സ്ഥാപനമായ സൈബിൾ ആണ് ബ്ലോഗ് പോസ്റ്റിലൂടെ വിവരം പുറത്തുവിട്ടത്. 1,000 യുഎസ് ഡോളറാണ് (ഏകദേശം 75,700 രൂപ) ഇത്രയും വിവരങ്ങൾക്കായി വിലയിട്ടിരിക്കുന്നതെന്നും ബ്ലോഗ് പോസ്റ്റിൽ പറയുന്നു. ഉപയോക്താക്കളുടെ മൊബൈൽ നന്പർ, സ്ഥലം, മൊബൈൽ നെറ്റ്വർക്ക്, ഫേസ്ബുക്ക് ഐഡി തുടങ്ങിയ വിവരങ്ങളാണ് പുറത്തായിരിക്കുന്നത്. അതേസമയം, ട്രൂ കോളർ ഉപയോക്താക്കളുടെ വിവരങ്ങൾ ചോർന്നിട്ടില്ലെന്നും ഏറ്റവും സുരക്ഷിതമായാണ് സ്വകാര്യ വിവരങ്ങൾ സൂക്ഷിച്ചിരിക്കുന്നതെന്നും ട്രൂ കോളർ വക്താവ് അറിയിച്ചു.