ഇന്ധന ഉപയോഗം പഴയവഴിയേ
Friday, July 10, 2020 11:28 PM IST
മുംബൈ: രാജ്യത്ത് ഇന്ധന ഉപയോഗം സാധാരണ നിലയിലേക്കടുക്കുന്നതിന്റെ സൂചനകൾ നൽകി ജൂണിലെ കണക്കുകൾ. പെട്രോളിയം ഉത്പന്നങ്ങളുടെ ഉപയോഗം കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് ജൂണിൽ 11 ശതമാനം വർധിച്ച് 162.8 ലക്ഷം ടണ്‍ ആയി.
എന്നാൽ കഴിഞ്ഞ വർഷം ജൂണിനെ അപേക്ഷിച്ച് ഉപയോഗത്തിൽ 7.8 ശതമാനം കുറവാണുള്ളത്. 176.7 ലക്ഷം ടണ്‍ ആയിരുന്നു 2019 ജൂണിലെ ഉപയോഗം. മൊത്തം ഇന്ധന ഉപയോഗം കോവിഡിനു മുൻപുള്ളതിന്റെ 92 ശതമാനം വരെ എത്തിയതായും പെട്രോളിയം മന്ത്രാലയം പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. ഡീസലിന്റെ ജൂണിലെ ഉപയോഗം കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് 14.5 ശതമാനം വർധിച്ച് 63 ലക്ഷം ടണ്‍ ആയി. ജൂണിലെ പെട്രോളിയം ഉപയോഗം 22.8 ലക്ഷം ടണ്‍ ആയിരുന്നു. കഴിഞ്ഞ മാസത്തെ അപേക്ഷിച്ചുള്ള വർധന 29 ശതമാനം.
എൽപിജി വില്പന 15.7 ശതമാനം വർധിച്ച് 20.7 ലക്ഷം ടൺ ആയി. വ്യവസായ ഇന്ധനങ്ങളുടെ ആവശ്യകതയിലും വർധനയുണ്ടായി. ലോക്ക്ഡൗണിലുണ്ടായ ഇളവുകളെത്തുടർന്ന് സ്വകാര്യ വാഹനങ്ങളുടെ ഉപയോഗം പഴയ സ്ഥിതിയിലേക്ക് എത്തിയതാണ് ഇന്ധന ഉപയോഗത്തിലെ വർധനയിൽ പ്രധാന പങ്കുവഹിച്ചതെന്ന് അധികൃതർ പറഞ്ഞു. വ്യവസായശാലകൾ പ്രവർത്തിച്ചു തുടങ്ങിയതും നേട്ടമായി. ഏപ്രിലിൽ ഇന്ധന ഉപയോഗം 2007നു ശേഷമുള്ള ഏറ്റവും താണ നിരക്കിലെത്തിയിരുന്നു.