655 കോടി രൂപയുടെ പദ്ധതികളുമായി കെഐഐഡിസി
Thursday, January 7, 2021 12:00 AM IST
തിരുവനന്തപുരം: കോവിഡ് പ്രതിസന്ധിക്കിടയിലും കേരള ഇറിഗേഷൻ ഇൻഫ്രാസട്രക്ചർ ഡെവലപ്മെന്റ് കോർപറേഷൻ (കിഡ്ക്) 655.65 കോടി രൂപയുടെ പദ്ധതികൾക്ക് തുടക്കമിട്ടതായി മാനേജിംഗ് ഡയറക്ടർ എൻ. പ്രശാന്ത് പറഞ്ഞു.
360.5 കോടി രൂപയുടെ പ്രവർത്തനങ്ങൾ ഈ സാന്പത്തികവർഷം ഇതിനോടകം ആരംഭിച്ചു. 293.77 കോടി രൂപയുടെ പദ്ധതികൾക്ക് കരാറിൽ ഏർപ്പെടുകയും ചെയ്തു. കുപ്പിവെള്ള വിപണി കോവിഡ് മൂലം തകർച്ചയെ നേരിട്ടപ്പോഴും കെഐഐഡിസിയുടെ ’ഹില്ലി അക്വ’ ഈ സാന്പത്തിക വർഷം ഇതുവരെ 1.81 കോടി രൂപയുടെ കുപ്പിവെള്ളം വിറ്റഴിച്ചു. ലിറ്ററിന് 13 രൂപയ്ക്കാണ് ഇത് വിപണിയിൽ ലഭിക്കുന്നത്.
കേരളത്തിലെ മലിനമായ 21 നദികൾ ശുചിയാക്കുന്നതിന് ദേശീയ ഹരിത ട്രിബ്യൂണലിന്റെ നിർദേശപ്രകാരം നടപ്പാക്കുന്ന പദ്ധതിയുടെ ചുമതല കിഡ്കിനാണ്. 30 എൻജിനിയറിംഗ് കോളജുകളുടെ സഹകരണത്തോടെ നടപ്പാക്കുന്ന,ഡിപിആർ തയാറാക്കുന്ന ജോലികൾ ആരംഭിച്ചു കഴിഞ്ഞു.