കോവിഡ് വില്പനയെ ബാധിച്ചിട്ടില്ലെന്ന് മാരുതി
Sunday, May 2, 2021 12:11 AM IST
മുംബൈ: കോവിഡ് രണ്ടാം തരംഗം ഇതുവരെ കന്പനിയുടെ വില്പനയെയോ നിർമാണ പ്രവർത്തനങ്ങളെയോ ബാധിച്ചിട്ടില്ലെന്ന് മാരുതി സുസുക്കി ചെയർമാൻ ആർ.സി. ഭാർഗവ. 1280 ജീവനക്കാർ കോവിഡ് ബാധിതരായിട്ടുണ്ടെങ്കിലും നിർമാണ പ്രവർത്തനങ്ങൾ സാധാരണനിലയിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “കാറുകൾക്കുളള ഡിമാൻഡ് കൂടിയിരിക്കുന്ന സമയമാണിപ്പോൾ.
കോവിഡ് രണ്ടാം വ്യാപനം കൂടുതലും നഗരകേന്ദ്രീകൃതമായിരിക്കുന്നതിനാൽ ഗ്രാമപ്രദേശങ്ങളിൽനിന്നാണ് കാറുകൾക്ക് കൂടുതൽ ആവശ്യക്കാരെത്തുന്നത്. നിലവിൽ ഓർഡർ ലഭിച്ചിട്ടുള്ള 90000 കാറുകളുടെ വിതരണം പൂർത്തിയാക്കിട്ടില്ല. ഈ സാഹചര്യത്തിലാണ് കന്പനി പുതിയ നിർമാണ പ്ലാന്റുകൾ സ്ഥാപിക്കുന്നത്. ഗുജറാത്തിലെ മൂന്നാമത്തെ നിർമാണ പ്ലാന്റിൽനിന്നും കൂടുതൽ കാറുകൾ പുറത്തിറക്കാനാകും.
മുന്പ് നിശ്ചയിച്ച നിക്ഷേപ പദ്ധതികളിൽ ഒരുമാറ്റവും വരുത്തിയിട്ടില്ല. കന്പനിയുടെ ഉത്പാദനശേഷി കൂട്ടുന്നതുൾപ്പെടെയുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകും’’- അദ്ദേഹം പറഞ്ഞു.