ഓഹരി ഇൻഡക്സുകൾ പ്രയാണം തുടരുന്നു
Monday, June 14, 2021 12:39 AM IST
ഓഹരി അവലോകനം / സോണിയ ഭാനു
ചരിത്ര നേട്ടങ്ങൾ കൈപ്പിടിയിലൊതുക്കി ഇന്ത്യൻ ഓഹരി ഇൻഡക്സുകൾ പ്രയാണം തുടരുന്നു. യുഎസ്-യൂറോപ്യൻ വിപണികളിലെ ബുൾ തരംഗം ആഭ്യന്തര മാർക്കറ്റിനെയും ആവേശം കൊള്ളിച്ചത് കുതിച്ചുചാട്ടത്തിനു കരുത്തായി. നിഫ്റ്റി സർവകാല റിക്കാർഡായ 15,835.55 ലേക്കും ബോംബെ സെൻസെക്സ് 52,641.53ലേക്ക് കയറിയും ചരിത്രം കുറിച്ചു. പിന്നിട്ടവാരം നിഫ്റ്റി 129 പോയിന്റും സെൻസെക്സ് 375 പോയിന്റും വർധിച്ചു.
മുൻനിര ഓഹരികളിലെ വാങ്ങൽ താത്പര്യം വിപണിയിൽ ഉത്സവ പ്രതീതി ജനിപ്പിച്ചങ്കിലും ഇന്ത്യാ വോളാറ്റിലിറ്റി ഇൻഡക്സ് സ്ഥിതിഗതികൾ സങ്കീർണമായി മാറുമെന്ന സൂചനയിലേക്ക് തിരിയാൻ ഇടയുള്ളതിനാൽ നിക്ഷേപകർ കൂടുതൽ ജാഗ്രത പാലിക്കേണ്ടിവരും. വോളാറ്റിലിറ്റി ഇൻഡക്സ് നീണ്ടകാലത്തിനുശേഷം 13.92 വരെ താഴ്ന്നശേഷം 14.48ലാണ്.
നിഫ്റ്റി നാലാഴ്ചകൊണ്ട് മൊത്തം 1121 പോയിന്റ് ഉയർന്നു. വിപണി ഓവർ ഹീറ്റാവുന്നതിനിടെ ഇടപാടുകളുടെ വ്യാപ്തി ചുരുങ്ങി. ചാഞ്ചാട്ടം 268 പോയിന്റിൽ ഒതുങ്ങി, തൊട്ടുമുൻവാരം ചാഞ്ചാട്ടം 359 പോയിന്റായിരുന്നു.
നിഫ്റ്റി ഓരോ ആഴ്ചയും പുതിയ ഉയരങ്ങൾ കീഴടക്കുകയാണെങ്കിലും കുതിപ്പിന്റെ വീര്യം കുറഞ്ഞു. കഴിഞ്ഞവാരം നിഫ്റ്റി 129 പോയിന്റ് ഉയർന്നു, എന്നാൽ ജൂൺ ആദ്യവാരം ഉയർച്ച 234 പോയിന്റായിരുന്നു. മേയ് അവസാന വാരം കയറിയത് 260 പോയിന്റും അതിന് തൊട്ടുമുൻ ആഴ്ചയിൽ ഉയർന്നത് 497 പോയിന്റായിരുന്നു. ഓരോ ആഴ്ചകൾ പിന്നിടുമ്പോൾ വിപണി കിതച്ചുതുടങ്ങിയതിനാൽ ഒരു കൺസോളിഡേഷനുള്ള നീക്കം ഈവാരം പ്രതീക്ഷിക്കാം, അത് തിരുത്തലിന് വഴിതെളിക്കാൻ ഇടയുണ്ട്.
ആഭ്യന്തര ഫണ്ടുകൾ മൂന്നു മാസമായി വിപണിക്ക് ശക്തമായ പിന്തുണ നൽകി. പിന്നിട്ടവാരം 15,670 ൽനിന്ന് സൂചിക തുടക്കത്തിൽ 15,566ലേക്ക് തളർന്നങ്കിലും മുൻനിര ഓഹരികളിലെ വാങ്ങൽ താത്പര്യത്തിൽ റിക്കാർഡ് പുതുക്കിയ ശേഷം ചരിത്രത്തിലെ ഏറ്റവും ഉയർന്ന ക്ലോസിംഗായ 15,799 പോയിന്റിലാണ്. ഈവാരം 15,900 നെയാണ് വിപണി ഉറ്റുനോക്കുന്നത്. ഈ കടമ്പ മറികടന്നാൽ 16,002ൽ വീണ്ടും പ്രതിരോധം നേരിടാം. അതേസമയം തിരുത്തൽ സംഭവിച്ചാൽ 15,631ലും 15,464ലും താങ്ങുണ്ട്.
വിപണിയുടെ മറ്റ് സാങ്കേതിക ചലനങ്ങൾ വിലയിരുത്തിയാൽ സൂപ്പർ ട്രൻഡ്, പാരാബോളിക്ക് എസ്എആർ തുടങ്ങിയവ ബുള്ളിഷാണ്. എന്നാൽ സ്റ്റോക്കാസ്റ്റിക്ക് ആർഎസ്ഐ, ഫാസ്റ്റ് സ്റ്റോക്കാസ്റ്റിക്ക്, സ്ലോ സ്റ്റോക്കാസ്റ്റിക്ക് തുടങ്ങിയവ ഓവർ ബോട്ട് മേഖലയിലാണ്. എംഎസിഡി ബുള്ളിഷെങ്കിലും ഒരു പുൾ ബാക്കിനുള്ള നീക്കത്തിലാണ്.
ഡെറിവേറ്റീവ് മാർക്കറ്റിൽ കഴിഞ്ഞ വർഷം ജൂണുമായി താരതമ്യം ചെയ്താൽ ഓപ്പൺ ഇന്ററസ്റ്റിൽ കാര്യമായ മാറ്റമില്ലെങ്കിലും ഇടപാടുകളുടെ വ്യാപ്തിയിൽ 30 മുതൽ 40 ശതമാനം വരെ കുറവുണ്ടായി. ഇത് സാന്പത്തിക വ്യാവസായിക രംഗത്തെ മാന്ദ്യത്തിനു കാരണമായി.
ഹെവിവെയിറ്റ് ഓഹരികൾ ബോംബെ സെൻസെക്സിനെ 52,100ൽനിന്ന് കൈപിടിച്ച് ഉയർത്തി. മുൻവാരം സൂചിപ്പിച്ച 52,516 ലെ തടസം വാരാന്ത്യ ദിനം വിപണി മറികടന്ന് ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലവാരമായ 52,641 വരെ കയറി, ക്ലോസിംഗിൽ സെൻസെക്സ് 52,474 പോയിന്റിലാണ്. ഈവാരം 52,138ലെ സപ്പോർട്ട് നിലനിർത്തി 52,725ലേക്ക് ഉയരാനുള്ള ശ്രമം വിജയിച്ചാൽ അടുത്ത ലക്ഷ്യം 52,976-53,563 പോയിന്റാവും. അതേസമയം ആദ്യ സപ്പോർട്ട് നഷ്ടപ്പെട്ടാൽ സൂചിക 51,802ലേക്ക് തിരുത്തൽ നടത്താം. രൂപയുടെ മൂലം വീണ്ടും കുറഞ്ഞു. രൂപ 73.07ൽനിന്ന് 73.23 ലേക്കു നീങ്ങി.
വിദേശ ഫണ്ടുകൾ 2772 കോടി രൂപയുടെ വാങ്ങലും 1032 കോടി രൂപയുടെ വിൽപ്പനയും നടത്തി. ആഭ്യന്തര ഫണ്ടുകൾ 1650 കോടി രൂപയുടെ ഓഹരികൾ വാങ്ങി, മറുവശത്ത് 2474 കോടി രൂപയുടെ വിൽപ്പനയും നടത്തി.
ആഗോള ക്രൂഡ് ഓയിൽ വില ബാരലിന് 70 ഡോളറിൽനിന്ന് 72 ഡോളറിലേക്ക് കയറി, നിരക്ക് 76 ഡോളറിനെ ഉറ്റുനോക്കുകയാണ്. ആഗോള പണപ്പെരുപ്പം ഉയരുന്നത് കണക്കിലെടുത്താൽ എണ്ണവില വൈകാതെ 84 ഡോളറിന് മുകളിൽ ഇടം പിടിക്കാം.
രാജ്യാന്തര മാർക്കറ്റിൽ സ്വർണം ട്രോയ് ഔൺസിന് 1900 ഡോളറിന് മുകളിൽ പിടിച്ചു നിൽക്കാൻ ക്ലേശിച്ചതോടെ വാരാന്ത്യം 1875 ഡോളറായി. അമേരിക്കയിൽ പലിശ നിരക്ക് എറ്റവും താഴ്ന്ന റേഞ്ചിലാണെങ്കിലും ഈവാരം ഫെഡ് റിസർവ് യോഗതീരുമാനം സ്വർണവിലയിൽ ചലനം ഉളവാക്കാം.