ഹാൾമാർക്കിന്റെ പേരിൽ ജിഎസ്ടി വേട്ടയ്ക്കെതിരേ നിർമാതാക്കൾ
Thursday, July 29, 2021 11:58 PM IST
തൃശൂർ: കല്ലുവച്ച സ്വർണാഭരണങ്ങൾ ഹാൾമാർക്ക് ചെയ്യേണ്ടതില്ലെന്നാണു ബിഐഎസ് നിർദേശമെങ്കിലും ജിഎസ്ടി ഉദ്യോഗസ്ഥർ അത്തരം ആഭരണങ്ങൾക്കു ഹാൾമാർക്ക് ഇല്ലെന്ന പേരിൽ ഭീമമായ പിഴ ചുമത്തുകയാണെന്ന് ആഭരണ നിർമാതാക്കൾ.
പണി പൂർത്തിയാകാത്ത ആഭരണങ്ങൾക്കും ഹാൾമാർക്ക് ചെയ്യേണ്ടതില്ലെന്നാണു നിയമം. ഇത്തരം ആഭരണങ്ങൾ കൈവശംവച്ചതിനും ആഭരണ നിർമാതാക്കളെ ശിക്ഷിക്കുകയാണെന്നു ജ്വല്ലറി മാനുഫാക്ചറേഴ്സ് അസോസിയേഷൻ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ ആരോപിച്ചു.
ഭാഗികമായി പണികഴിഞ്ഞു ജ്വല്ലറികളിലേക്ക് എത്തിക്കുന്ന ആഭരണങ്ങൾ കണ്ടുകെട്ടി തൊഴിലാളികളെ വഴിയാധാരമാക്കുകയാണ്. കോവിഡും ലോക്ഡൗണും മൂലം പ്രതിസന്ധിയിലായ ആഭരണ നിർമാണ മേഖലയെ ഇല്ലാതാക്കുന്ന നടപടികൾ നിർത്തിവയ്ക്കണം. കേരളത്തിൽ രണ്ടു ലക്ഷത്തോളം പേരാണ് ഈ മേഖലയിൽ ജോലിചെയ്യുന്നത്.
ഉദ്യോഗസ്ഥ പീഡനം സഹിക്കാതെ തമിഴ്നാട്ടിലേക്കു വ്യവസായം മാറ്റേണ്ട അവസ്ഥയാണുള്ളതെന്നു ഭാരവാഹികൾ അഭിപ്രായപ്പെട്ടു.