രാഷ്ട്രീയ പാർട്ടികൾക്കുള്ള സംഭാവനയ്ക്കു വരുമാനത്തിൽനിന്നു കിഴിവ്
Monday, October 11, 2021 12:35 AM IST
നികുതിലോകം / ബേബി ജോസഫ്, ചാർട്ടേഡ് അക്കൗണ്ടന്റ്
രാഷ്ട്രീയപാർട്ടികൾക്കു സംഭാവന നൽകിയാൽ ആദായനികുതിനിയമം അനുസരിച്ച് വരുമാനത്തിൽനിന്നു പ്രസ്തുത തുകയ്ക്ക് കിഴിവ് ലഭിക്കുന്നതാണ്. രാഷ്ട്രീയ പാർട്ടികൾക്ക് ലഭിക്കുന്ന സംഭാവനകൾക്കു പ്രോത്സാഹനം നൽകുന്നതിനാണ് ഈ കിഴിവ് ലഭ്യമാക്കുന്നത്. ഇന്ത്യൻ കന്പനികൾക്കും വ്യക്തികൾക്കും സംഭാവന നൽകാനും അതുവഴി കിഴിവ് നേടുന്നതിനും സാധിക്കും.
കന്പനികൾക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ
ആദായനികുതി നിയമം 80 ജിജിബി അനുസരിച്ച് രാഷ്ട്രീയപാർട്ടികൾക്കും ഇലക്ടറൽ ട്രസ്റ്റുകൾക്കും കന്പനികൾ നൽകുന്ന സംഭാവനകൾ പൂർണമായും വരുമാനത്തിൽനിന്നു കിഴിക്കാവുന്നതാണ്. പക്ഷേ, രാഷ്ട്രീയപാർട്ടികൾ ജനപ്രാതിനിധ്യനിയമത്തിലെ 29 എ വകുപ്പനുസരിച്ച് രജിസ്ട്രേഷൻ എടുത്തിട്ടുള്ള അംഗീകൃത പാർട്ടികൾ ആയിരിക്കണം. ഇലക്ടറൽ ട്രസ്റ്റുകൾക്കും കന്പനികളിൽനിന്നു പണം സ്വീകരിക്കാനും അതു രാഷ്ട്രീയ പാർട്ടികൾക്ക് കൊടുക്കാനും സാധിക്കും. എന്നാൽ, രാഷ്ട്രീയപാർട്ടികൾക്കു പണം കൊടുക്കുന്നതിനു ചില നിബന്ധനകൾ കന്പനികൾ പാലിക്കേണ്ടതുണ്ട്. അതേപ്പറ്റി ചുരുക്കത്തിൽ സൂചിപ്പിക്കുന്നു.
1) പണം കാഷായി നൽകാൻ പാടില്ല. അക്കൗണ്ട് പെയി ചെക്കായോ ബാങ്ക് ഡ്രാഫ്റ്റായോ ഇലക്ട്രോണിക് മാർഗത്തിലൂടെയോ പണം നൽകാവുന്നതാണ്.
2) ആദായനികുതിനിയമത്തിൽ രാഷ്ട്രീയ പാർട്ടികൾക്കു കന്പനികളിൽനിന്നു സ്വീകരിക്കാവുന്ന സംഭാവനകൾക്ക് ഉയർന്ന പരിധി നിശ്ചയിച്ചിട്ടില്ല. നൽകുന്ന തുകയെപ്പറ്റിയും പാർട്ടിയെപ്പറ്റിയും കന്പനിയുടെ ആന്വൽ അക്കൗണ്ടിൽ കാണിച്ചിരിക്കണം.
3) കന്പനികൾ പാർട്ടികൾക്കു നേരിട്ട് സംഭാവന ചെയ്യുന്നതിനു പകരം ഇലക്ടറൽ ബോണ്ട് വഴി സംഭാവന നൽകുകയാണെങ്കിൽ രാഷ്ട്രീയ പാർട്ടിയുടെ പേര് ആന്വൽ അക്കൗണ്ടിൽ സൂചിപ്പിക്കേണ്ടതില്ല. മറിച്ച് നൽകിയ തുക മാത്രം വെളിപ്പെടുത്തിയാൽ മതി.
4) രാഷ്ട്രീയപാർട്ടികൾക്കുവേണ്ടി കന്പനികൾ പത്രങ്ങളിലും മാസികകളിലും മറ്റും പരസ്യങ്ങൾ നല്കിയാലും അത് ആദായനികുതി നിയമം 80 ജിജിബി അനുസരിച്ച് പാർട്ടിക്കുള്ള സംഭാവന ആയി കണക്കാക്കുന്നതും വരുമാനത്തിൽനിന്നു കിഴിവ് ലഭിക്കുന്നതുമാണ്.
5) ഗവണ്മെന്റ് കന്പനികൾക്കും തുടങ്ങിയിട്ട് മൂന്നു വർഷം ആകാത്ത കന്പനികൾക്കും സംഭാവന നൽകാൻ അധികാരമില്ല. അവയ്ക്ക് ആദായനികുതി നിയമം 80 ജി.ജി.ബി. അനുസരിച്ചുള്ള കിഴിവ് ലഭ്യമല്ല.
6) ഇന്ത്യയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കന്പനികൾ ആയിരിക്കണം സംഭാവന നൽകുന്നത്.
7) എത്ര പാർട്ടികൾക്കു വേണമെങ്കിലും സംഭാവനകൾ നൽകുന്നതിനു കന്പനിക്ക് അധികാരം ഉണ്ട്. എല്ലാവർക്കും കൊടുത്ത ആകെ തുകയ്ക്ക് കന്പനിക്ക് ആദായനികുതി നിയമം അനുസരിച്ച് വരുമാനത്തിൽനിന്നു കിഴിവ് എടുക്കാവുന്നതാണ്. എന്നാൽ, രാഷ്ട്രീയ പാർട്ടികൾ ജനപ്രാതിനിധ്യ നിയമം അനുസരിച്ച് രജിസ്ട്രേഷൻ എടുത്തിട്ടുള്ള അംഗീകൃത പാർട്ടി ആയിരിക്കണമെന്ന് നിർബന്ധം ഉണ്ട്.
വ്യക്തികൾക്കുള്ള ആനുകൂല്യങ്ങൾ
ആദായനികുതി നിയമം 80 ജിജിസി അനുസരിച്ച് വ്യക്തികൾ രാഷ്ട്രീയപാർട്ടികൾക്ക് നൽകുന്ന സംഭാവനകൾക്ക് വരുമാനത്തിൽനിന്നു പരിധിയില്ലാത്ത കിഴിവിന് അർഹതയുണ്ട്. എന്നാൽ, ഇവിടെയും ചില നിബന്ധനകൾ പാലിക്കേണ്ടതുണ്ട്.
1) 80 ജിജിസി അനുസരിച്ച് വ്യക്തികൾക്കു മാത്രമാണ് ആനുകൂല്യത്തിന് അർഹത ഉള്ളത്.
2) പാർട്ടികൾക്ക് നൽകുന്ന തുകയ്ക്കോ പാർട്ടികളുടെ എണ്ണത്തിനോ പരിധി നിശ്ചയിച്ചിട്ടില്ല. എന്നാൽ, പാർട്ടികൾ ജനപ്രാതിനിധ്യ നിയമത്തിലെ 29 എ പ്രകാരം രജിസ്ട്രേഷൻ എടുത്തിട്ടുള്ളവർ ആയിരിക്കണം.
3) വ്യക്തികൾക്കും ഇലക്ടറൽ ട്രസ്റ്റുകളിലേക്ക് സംഭാവന ചെയ്യാവുന്നതാണ്.
4) 80 ജിജിസിപ്രകാരം നൽകുന്ന സംഭാവനകൾക്കു വരുമാനത്തിൽനിന്ന് 100 ശതമാനം കിഴിവ് ലഭിക്കുന്നതാണ്.
5) എന്നാൽ രാഷ്ട്രീയ പാർട്ടികൾക്കു വിദേശങ്ങളിൽനിന്നുള്ള പൗരന്മാരുടെ പക്കൽനിന്നും വിദേശ കന്പനികളിൽനിന്നും വിദേശത്തുള്ള ട്രസ്റ്റുകളിൽനിന്നും സംഭാവനകൾ സ്വീകരിക്കുന്നതിൽ വിലക്കുണ്ട്.