പച്ചത്തേങ്ങ സംഭരണം: കേരഫെഡിനു പുറമേ 25 ഏജൻസികളും
Sunday, January 16, 2022 1:32 AM IST
തിരുവനന്തപുരം: കേരഫെഡിന്റെ നേരിട്ടുള്ള സംഭരണ കേന്ദ്രത്തിനു പുറമേ 25 ഏജൻസികളിലൂടെയും കർഷകരിൽനിന്ന് പച്ചത്തേങ്ങ സംഭരിക്കാൻ സർക്കാർ മാർഗനിർദേശം പുറത്തിറക്കി.
കേരഫെഡിന്റെ പൊന്നാനി സംഭരണകേന്ദ്രം, വെളിയംകോട് കോക്കനട്ട് പ്രൊഡ്യൂസേഴ്സ് മാർക്കറ്റിംഗ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി, തിരുവനന്തപുരത്തെ ആനയറ കേരഫെഡ് റീജണൽ ഓഫീസ്, തൃശൂർ ചേർപ്പ് കേരഫെഡ് സ്റ്റോക്ക് പോയിന്റ് എന്നിവയിലൂടെ സംഭരിക്കും.
കേരഫെഡിന്റെ അംഗസംഘങ്ങൾ, നാളികേര വികസന ബോർഡിൽ അഫിലിയേറ്റ് ചെയ്ത ഉത്പാദകസംഘങ്ങൾ, ഉത്പാദക ഫെഡറേഷനുകൾ, സഹകരണ സ്ഥാപനങ്ങൾ, കർഷക ഉത്പാദന കന്പനികൾ എന്നിവ മുഖേനയും പച്ചത്തേങ്ങ സംഭരിക്കും. തുടക്കമായി 25 ഏജൻസി വഴി സംഭരണം നടത്തും. സംഘം വഴിയുള്ള കൊപ്രാ സംഭരണം തുടരും.