ജിഎസ്ടി: നികുതി പരിഷ്കാരത്തിന് അനുമതി
Wednesday, June 29, 2022 12:43 AM IST
മുംബൈ: ഏതാനും ഇനങ്ങൾക്കും സേവനങ്ങൾക്കും ഏർപ്പെടുത്തിയിരുന്ന നികുതിഒഴിവ് എടുത്തുകളയുന്നതുൾപ്പെടെയുള്ള നികുതി പരിഷ്കരണത്തിനു ജിഎസ്ടി കൗണ്സിൽ യോഗത്തിൽ തീരുമാനമായി.
സ്വർണത്തിന്റെയും വിലയേറിയ കല്ലുകളുടെയും അന്തർസംസ്ഥാന നീക്കത്തിന് ഇ-വേ ബിൽ നല്കാൻ സംസ്ഥാനങ്ങൾക്ക് അനുമതി നല്കിയതായും റിപ്പോർട്ടുകളിൽ പറയുന്നു.
അതേസമയം, സംസ്ഥാനങ്ങൾക്കുളള നഷ്ടപരിഹാര കാലാവധി നീട്ടുന്നതും ഓണ്ലൈൻ ഗെയിമുകൾക്കും മറ്റും 28 ശതമാനം നികുതി ഈടാക്കുന്നതും കൗൺസിൽ ഇന്നു പരിഗണിക്കും. ജിഎസ്ടി നികുതി ക്രമീകരണം യുക്തിസഹമാക്കുന്നതുമായി ബന്ധപ്പെട്ടുള്ള, മന്ത്രിതല സമിതിയുടെ റിപ്പോർട്ടും ഇന്നലെ ജിഎസ്ടി കൗണ്സിൽ സ്വീകരിച്ചു.
പ്രതിദിനം ആയിരം രൂപയ്ക്കു താഴെ വാടകയുള്ള ഹോട്ടൽ താമസത്തിനുണ്ടായിരുന്ന ജിഎസ്ടിഒഴിവ് എടുത്തുകളയാനും പ്രതിദിനം 5000 രൂപയ്ക്കുമേൽ വാടക ഈടാക്കുന്ന ആശുപത്രി വാസത്തിന് അഞ്ചു ശതമാനം ജിഎസ്ടി ഈടാക്കാനും റിപ്പോർട്ടിൽ ശിപാർശയുണ്ട്.