ലാൻഡ്മാർക്ക് ബിൽഡേഴ്സിന് വില്പന വിലക്ക്
Friday, September 15, 2023 3:55 AM IST
തിരുവനന്തപുരം: ഹരിത ട്രൈബ്യൂണൽ പാരിസ്ഥിതികാനുമതി റദ്ദാക്കിയ സാഹചര്യത്തിൽ കോഴിക്കോട്ടെ ലാൻഡ്മാർക്ക് ബിൽഡേഴ്സിനെ അവരുടെ ഏതാനും പദ്ധതികൾ വിൽക്കുന്നതിൽനിന്നും കെ റെറ (കേരള റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അഥോറിറ്റി) വിലക്കി.
കോഴിക്കോട് പന്തീരാങ്കാവിലുള്ള പദ്ധതികളായ ലാൻഡ്മാർക്ക് മില്ലേനിയ സെന്റർ, ലാൻഡ്മാർക്ക് ലിയോണ്‍ സെന്റർ, ലാൻഡ്മാർക്ക് ബിസിനസ് സെന്റർ എന്നിവയിൽ നിന്നുള്ള യൂണിറ്റുകളുടെ വില്പനയ്ക്കാണ് വിലക്ക്. നേരത്തെ സ്റ്റേറ്റ് എൻവയോണ്‍മെന്റ് ഇംപാക്ട് അസസ്മെന്റ് അഥോറിറ്റിയുടെ പാരിസ്ഥിതികാനുമതി ഈ പദ്ധതികൾക്ക് ലഭിച്ചിരുന്നു. അതിൻ പ്രകാരമാണ് കെ റെറ പദ്ധതികൾക്ക് രജിസ്ട്രേഷൻ നൽകിയത്.
കഴിഞ്ഞ തിങ്കളാഴ്ച ചെന്നൈയിലുള്ള ദക്ഷിണമേഖല ദേശീയ ഹരിത ട്രൈബ്യൂണൽ ഇതു സംബന്ധിച്ച അപ്പീലിന്മേലുള്ള വിധിയിൽ സ്റ്റേറ്റ് എൻവയോണ്‍മെന്റ് ഇംപാക്റ്റ് അസസ്മെന്റ് അഥോറിറ്റി നൽകിയ പാരിസ്ഥിതികാനുമതി റദ്ദാക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണ് സെക്ഷൻ 37 പ്രകാരം പാരിസ്ഥിതികാനുമതി ലഭിക്കുന്നതു വരെ ഈ പദ്ധതികളിലെ യൂണിറ്റുകൾ വിൽക്കുകയോ വില്പനയ്ക്കായി ഏതെങ്കിലും രീതിയിലുള്ള ശ്രമങ്ങൾ നടത്തുകയോ ചെയ്യുന്നതിൽനിന്നും പ്രമോട്ടറെ കെറെറ വിലക്കിയത്.
നിലവിലുള്ള അലോട്ടികളെ ഉടൻ പാരിസ്ഥിതികാനുമതി റദ്ദാക്കിയ വിവരം അറിയിക്കണമെന്നും നിലവിലുള്ള അലോട്ടികളുമായി സെക്ഷൻ 13(1) പ്രകാരമുള്ള അഗ്രിമെന്റ് ഫോർ സെയിലിൽ ഏർപ്പെടരുതെന്നും കെ റെറയുടെ ഉത്തരവിൽ നിർദേശിക്കുന്നുണ്ട്.