രൂപ കൂപ്പുകുത്തി
Friday, October 11, 2024 11:15 PM IST
ന്യൂഡൽഹി: ഡോളറിനെതിരേ ഇന്ത്യൻ രൂപയുടെ മൂല്യത്തകർച്ച സർവകാല റിക്കാർഡ് ഭേദിച്ചു.
അസംസ്കൃത എണ്ണ വില ഉയരുകയും രാജ്യാന്തര വിപണിയിൽ ഡോളർ ശക്തിയാർജിക്കുകയും ചെയ്തതോടെ ഡോളറിനെതിരേ 84.06 എന്ന നിലയിലേക്കാണ് രൂപയുടെ മൂല്യം കൂപ്പുകുത്തിയത്. രൂപയുടെ മൂല്യം പിടിച്ചുനിർത്താൻ ഉടനെ തന്നെ റിസർവ് ബാങ്കിന്റെ ഇടപെടൽ ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അസംസ്കൃത എണ്ണ വില ഉയർന്നതും ഇന്ത്യൻ ഓഹരി വിപണിയിൽ നിന്നും പുറത്തേക്കുള്ള വിദേശനിക്ഷേപത്തിന്റെ ഒഴുക്ക് കൂടിയതും രൂപയുടെ വിനിമയനിരക്കിനെ ബാധിച്ചിട്ടുണ്ട്. സെപ്റ്റംബർ 12നാണ് ഇതിനു മുന്പ് രൂപ ഏറ്റവും താഴെയായത്. അന്ന് 83.98 ആയിരുന്നു മൂല്യം.
രണ്ടാഴ്ച മുന്പ് രൂപയുടെ മൂല്യം 83.50ന് അടുത്ത് എത്തിയിരുന്നു. എന്നാൽ, മിഡിൽ ഈസ്റ്റിലെ പ്രശ്നങ്ങളെ തുടർന്ന് എണ്ണവില ഉയർന്നത് രൂപയെ സ്വാധീനിച്ചു. ഒക്ടോബറിൽ മാത്രം ഇതുവരെ 10 ശതമാനത്തിലധികം ഉയർന്നു.
ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെൻഡ് ക്രൂഡ് ഓയിലിന്റെ വില വ്യാഴാഴ്ച 3.5 ശതമാനത്തിലധികം ഉയർന്ന് ബാരലിന് 79.1 ഡോളറായിരുന്നു. കഴിഞ്ഞ രണ്ടു മാസങ്ങളിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) തുടർച്ചയായി നടത്തിയ ഇടപെടലുകളാണ് ഡോളറിനെതിരേ രൂപയുടെ മൂല്യം 84 എന്ന നിലവാരത്തിനു മുകളിൽ പിടിച്ചുനിർത്താൻ സഹായിച്ചത്.