ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് പ​ണ​പ്പെ​രു​പ്പം വീ​ണ്ടും കു​തി​ച്ചു​യ​രു​ന്നു​വെ​ന്ന ശ​ക്ത​മാ​യ സൂ​ച​ന​യു​മാ​യി ക​ഴി​ഞ്ഞ​മാ​സം മൊ​ത്ത​വി​ല (ഹോ​ൾ​സെ​യി​ൽ) സൂ​ചി​ക അ​ടി​സ്ഥാ​ന​മാ​യു​ള്ള പ​ണ​പ്പെ​രു​പ്പം 1.84 ശ​ത​മാ​ന​മാ​യി വ​ർ​ധി​ച്ചു.

ഭ​ക്ഷ്യ​വ​സ്തു​ക്ക​ളു​ടെ വി​ല​ക്ക​യ​റ്റ​മാ​ണ് ഇ​തി​നു കാ​ര​ണ​മെ​ന്ന് സ​ർ​ക്കാ​ർ പു​റ​ത്തു​വി​ട്ട ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു. ഓ​ഗ​സ്റ്റി​ലെ നാ​ലു മാ​സ​ത്തെ ഏ​റ്റ​വും കു​റ​വാ​യ 1.31 ശ​ത​മാ​ന​ത്തി​ൽ നി​ന്നാ​ണ് കു​തി​പ്പ്.

2023 സെ​പ്റ്റം​ബ​റി​ൽ മൊ​ത്ത​വി​ല പ​ണ​പ്പെ​രു​പ്പം നെ​ഗ​റ്റീ​വ് 0.1 ശ​ത​മാ​ന​മാ​യി​രു​ന്നു. ഭ​ക്ഷ്യോ​ത്​പ​ന്ന​ങ്ങ​ളു​ടെ മൊ​ത്തവി​ല​നി​ല​വാ​രം ഓ​ഗ​സ്റ്റി​ലെ 3.26 ശ​ത​മാ​ന​ത്തി​ൽ നി​ന്ന് 9.47 ശ​ത​മാ​ന​ത്തി​ലേ​ക്ക് ക​ഴി​ഞ്ഞ​മാ​സം കു​തി​ച്ചു​ക​യ​റി. ജൂ​ലൈ​യി​ൽ 3.55 ശ​ത​മാ​ന​മാ​യി​രു​ന്നു. മേ​യി​ൽ 7.75 ശ​ത​മാ​ന​മാ​യി​രു​ന്നെ​ങ്കി​ൽ ജൂ​ണി​ൽ 8.68 ശ​ത​മാ​ന​മാ​യി ഉ​യ​ർ​ന്നി​രു​ന്നു.

ഓ​ഗ​സ്റ്റി​ൽ പ​ച്ച​ക്ക​റി വി​ല 10 ശ​ത​മാ​നം കു​റ​ഞ്ഞ​പ്പോ​ൾ ക​ഴി​ഞ്ഞ​മാ​സം 48.7 ശ​ത​മാ​ന​ത്തി​ന്‍റെ വ​ർ​ധ​ന​വാ​ണു​ണ്ടാ​യ​ത്. ധാ​ന്യ​വി​ലയും ക​ഴി​ഞ്ഞ മാ​സം ഉ​യ​ർ​ന്നു. ഉ​രു​ള​ക്കി​ഴ​ങ്ങ്, സ​വാ​ള എ​ന്നി​വ​യു​ടെ വി​ല വ​ൻ​തോ​തി​ൽ വ​ർ​ധി​ക്കു​ന്ന​ത് വെ​ല്ലു​വി​ളി​യാ​ണ്. ഉ​രു​ള​ക്കി​ഴ​ങ്ങി​ന് 78.13 ശ​ത​മാ​ന​വും സ​വാ​ള​യ്ക്ക് 78.83 ശ​ത​മാ​നവും വ​ർ​ധ​ന​വാ​ണ് സെ​പ്റ്റം​ബ​റി​ലു​ണ്ടാ​യ​ത്.


ക​ഴി​ഞ്ഞ സാ​ന്പ​ത്തി​കവ​ർ​ഷ​ത്തെ (2023-24) ശ​രാ​ശ​രി മൊ​ത്ത​വി​ല പ​ണ​പ്പെ​രു​പ്പം 12 മാ​സ​ത്തി​ൽ ഏ​ഴി​ലും നെ​ഗ​റ്റീ​വാ​യി​രു​ന്നു.

സെ​പ്റ്റ​ംബറി​ൽ ഭ​ക്ഷ്യേ​ത​ര സാ​ധ​ന​ങ്ങ​ളു​ടെ വി​ല ഓ​ഗ​സ്റ്റി​ലെ അ​പേ​ക്ഷി​ച്ച് 1.64 ശ​ത​മാ​നം കു​റ​ഞ്ഞു. സെ​പ്റ്റം​ബ​റി​ൽ ഇ​ന്ധ​ന​ത്തി​ന്‍റെ​യും വൈ​ദ്യു​തി​യു​ടെ​യും വി​ല കു​റ​ഞ്ഞു.

മു​ൻ മാ​സ​ത്തെ 0.67 ശ​ത​മാ​ന​വു​മാ​യി താ​ര​ത​മ്യ​പ്പെ​ടു​ത്തു​ന്പോ​ൾ വി​ല നാ​ലു ശ​ത​മാ​ന​ത്തി​ല​ധി​കം ഇ​ടി​ഞ്ഞു. ക്രൂ​ഡ് പെ​ട്രോ​ളി​യ​ത്തി​ന്‍റെ​യും പ്ര​കൃ​തി വാ​ത​ക​ത്തി​ന്‍റെ​യും വി​ല 13.04 ശ​ത​മാ​ന​മാ​ണ് ക​ഴി​ഞ്ഞ മാ​സം കു​റ​ഞ്ഞ​ത്. ഇ​ത് ഓ​ഗ​സ്റ്റി​ൽ 1.77 ശ​ത​മാ​ന​ത്തി​ന്‍റെ വ​ർ​ധ​വു​ണ്ടാ​യി​രു​ന്നു.

ഇ​ന്ത്യ​യി​ൽ മൊ​ത്ത​വി​ല പ​ണ​പ്പെ​രു​പ്പ​ത്തി​ൽ മൂ​ന്നു ശ്രേ​ണി​ക​ളാ​ണു​ള്ള​ത്. ഒ​ന്നാ​മ​ത്, പ്രൈ​മ​റി ആ​ർ​ട്ടി​ക്കി​ൾ​സ് -പ്രാ​ഥ​മി​കോ​ത്പ​ന​ങ്ങ​ൾ മൊ​ത്ത​വി​ല സൂ​ചി​ക​യി​ൽ ഇ​വ​യു​ടെ വി​ഹി​തം (മൊ​ത്തം അനുപാതത്തി​ന്‍റെ 22.6 ശ​ത​മാ​ന​മാ​ണ്. ര​ണ്ടാ​മ​ത്, ഇ​ന്ധ​ന​വും ഉൗ​ർ​ജ​വും 13.2 ശ​ത​മാ​ന​മാ​ണ്. മൂ​ന്നാ​മ​ത്, നി​ർ​മി​ത ഉ​ത്പ​ന്ന​ങ്ങ​ൾ 64.2 ശ​ത​മാ​ന​മാ​ണ്.

സെ​പ്റ്റം​ബ​റി​ൽ ക​ണ്‍സ്യൂ​മ​ർ പ്രൈ​സ് ഇ​ൻ​ഡെക്സി​ലും 5.49 ശ​ത​മാ​നം പ​ണ​പ്പെ​രു​പ്പ​മു​യ​ർ​ന്നു. ഓ​ഗ​സ്റ്റി​ൽ 3.65 ശ​ത​മാ​ന​മാ​യി​രു​ന്നു. ഭ​ക്ഷ്യ സാ​ധ​ന​ങ്ങ​ളു​ടെ വി​ല​ക്ക​യ​റ്റ​മാ​ണ് പ്ര​ധാ​ന കാ​ര​ണം.