സിയാലിന് അന്താരാഷ്ട്ര അംഗീകാരം
Wednesday, April 23, 2025 1:00 AM IST
നെടുമ്പാശേരി : ഹരിതോർജ ഉത്പാദനമേഖലയിൽ ഏർപ്പെടുത്തിയ പരീക്ഷണങ്ങൾക്ക് സിയാലിന് അന്താരാഷ്ട്ര അംഗീകാരം.
പയ്യന്നൂർ സൗരോർജ പദ്ധതിയിൽ പരീക്ഷിച്ച സാങ്കേതിക സംവിധാനത്തിനാണ് എയർപോർട്ട് കൗൺസിൽ ഇന്റർനാഷണൽ (എസിഐ) അംഗീകാരം സിയാലിനു ലഭിച്ചത്.
പ്രതിവർഷം ആറു മുതൽ 15 ദശലക്ഷം യാത്രക്കാരെ കൈകാര്യം ചെയ്യുന്ന എയർപോർട്ട് എന്ന വിഭാഗത്തിലാണ് ഈ അംഗീകാരം.
ന്യൂഡൽഹിയിൽ സംഘടിപ്പിച്ച ചടങ്ങിൽ എസിഐ പ്രസിഡന്റ് എസ്.ജി.കെ. കിഷോറിൽനിന്ന് സിയാൽ മാനേജിംഗ് ഡയറക്ടർ എസ്. സുഹാസ് അവാർഡ് ഏറ്റുവാങ്ങി. സിയാൽ എയർപോർട്ട് ഡയറക്ടർ ജി.മനു, എസിഐ ഏഷ്യ - പസഫിക് ഡയറക്ടർ ജനറൽ സ്റ്റെഫാനോ ബറോൻസി എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
2024 ൽ എയർപോർട്ട് കൗൺസിൽ ഇന്റർനാഷണൽ കണ്ടെത്തിയ മികച്ച പദ്ധതികളിൽ ഒന്നാണ് സിയാലിന്റെ പയ്യന്നൂർ സൗരോർജ പദ്ധതിയെന്ന് എസിഐ വിലയിരുത്തി.