ജയത്തിനായി നീലക്കടുവകൾ
Monday, October 14, 2019 11:33 PM IST
കോൽക്കത്ത: 2022 ഖത്തർ ലോകകപ്പ് ഫുട്ബോൾ യോഗ്യതാ റൗണ്ടിലെ ആദ്യ ജയം കൊതിച്ച് ഇന്ത്യ ഇന്ന് ബംഗ്ലാദേശിനെതിരേ. കോൽക്കത്ത സാൾട്ട്ലേക്ക് സ്റ്റേഡിയത്തിലാണ് നീലക്കടുവകൾ ബംഗ്ല സംഘത്തെ നേരിടുക. രാത്രി 7.30നാണ് മത്സരം. ദോഹയിൽചെന്ന് ഏഷ്യൻ ചാന്പ്യന്മാരായ ഖത്തറിനെ ഗോൾ രഹിത സമനിലയിൽ കുരുക്കിയതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ ഇന്ന് ഇറങ്ങുന്നത്.
സെന്റർ ബാക്കിലെ വിശ്വസ്തനായ സന്ദേശ് ജിങ്കൻ പരിക്കിനെത്തുടർന്ന് ടീമിനൊപ്പം ഇല്ലാത്തത് നീല ക്കടുവകൾക്ക് ആശങ്ക സൃഷ്ടിക്കുന്നു. മിഡ്ഫീൽഡർമാരായ അമർജിത് കിയാമും പ്രണോയ് ഹാൾഡറും പരിക്കിന്റെ പിടിയിലാണ്. ഗോഹട്ടിയിൽ പത്ത് ദിവസത്തെ ക്യാന്പിനുശേഷം ഞായറാഴ്ച ഇന്ത്യൻ ടീം കോൽക്കത്തയിൽ എത്തിയതാണ്.
മൂന്ന് മലയാളികൾ
23 അംഗ ഇന്ത്യൻ ടീമിൽ മൂന്ന് മലയാളി താരങ്ങളുണ്ട്. പ്രതിരോധതാരം അനസ് എടത്തൊടിക, വിംഗർ ആഷിക് കുരുണിയൻ, മിഡ്ഫീൽഡർ സഹൽ അബ്ദുൽ സമദ് എന്നീ മലയാളി താരങ്ങളെ ഉൾപ്പെടുത്തിയാണ് കോച്ച് ഇഗോർ സ്റ്റിമാക്ക് 23 അംഗ ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചത്. ഗോളി ഗുർപ്രീത് സിംഗ് സന്ധു, ക്യാപ്റ്റൻ സുനിൽ ഛേത്രി തുടങ്ങിയവരുടെ കരുത്തിലാണ് ഇന്ത്യയുടെ പ്രതീക്ഷ.
ഇന്ത്യ x ബംഗ്ലാദേശ്
104 ഫിഫ റാങ്ക് 187
17 ജയം 05
10 സമനില 10
05 തോൽവി 17
ആകെ മത്സരം: 32