പീറ്റർ ജോസഫ് ലോക ചാന്പ്യൻ
Wednesday, October 16, 2019 11:50 PM IST
കൊച്ചി: വേൾഡ് കപ്പ് വെയ്റ്റ് ലിഫ്റ്റിംഗ് ചാന്പ്യൻഷിപ്പിൽ 55 വയസിനു മുകളിലുള്ളവരുടെ വിഭാഗത്തിൽ പീറ്റർ ജോസഫ് ഞാളിയൻ ചാന്പ്യൻ. സാന്റിയാഗോയിൽ നടന്ന മത്സരത്തിലാണു സ്വർണമെഡൽ നേട്ടം. വെയ്റ്റ് ലിഫ്റ്റിംഗിൽ ലോകചാന്പ്യനാകുന്ന ആദ്യ മലയാളികൂടിയാണ് അന്‍പത്തിയെട്ടുകാരനായ അങ്കമാലി കൊറ്റമം സ്വദേശി പീറ്റർ ജോസഫ്.
മലേഷ്യയിൽ കഴിഞ്ഞവർഷം 64 രാജ്യങ്ങൾ പങ്കെടുത്ത ഏഷ്യ പസഫിക് മത്സരത്തിൽ വെള്ളി മെഡൽ നേടിയിരുന്നു. ഈവർഷം ഓസ്ട്രേലിയയിൽ നടന്ന കോമണ്‍വെൽത്ത് മത്സരത്തിൽ അവസാനനിമിഷം പരിക്കുമൂലം ഒന്നാം സ്ഥാനം നഷ്ടപ്പെട്ടു.
22-ാം വയസിൽ വെയ്റ്റ് ലിഫ്റ്റിംഗിൽ സ്വർണ മെഡലോടെ ദേശീയ ചാന്പ്യൻ പട്ടം കരസ്ഥമാക്കിയ പീറ്റർ ഇന്ത്യൻ റെയിൽവേയിൽ ചേർന്നശേഷം ബോഡി ബിൽഡിംഗിലേക്കു തിരിഞ്ഞിരുന്നു. ബോഡി ബിൽഡിംഗിൽ രണ്ടുതവണ ലോക മൂന്നാം സ്ഥാനം നേടി. മിസ്റ്റർ കേരള, മിസ്റ്റർ റെയിൽവേ, മിസ്റ്റർ ഇന്ത്യ പട്ടങ്ങളും കരസ്ഥമാക്കി. 30 വർഷത്തെ ഇടവേളയ്ക്കുശേഷമാണു വെയ്റ്റ് ലിഫ്റ്റിംഗിൽ തിരിച്ചെത്തി ലോക ചാന്പ്യനായത്. ആലത്തൂരിലെ ടോമി ജോസഫിന്റെ നേതൃത്വത്തിലുള്ള എമ്മാനുവൽ ക്രഷേഴ്സ് ആൻഡ് മൈൻസ് പ്രൈവറ്റ് ലിമിറ്റഡാണ് പീറ്റർ ജോസഫിനെ സ്പോണ്സർ ചെയ്തത്.