പന്തിനു പകരം ഭരത് എന്തുകൊണ്ട്...?
Friday, January 17, 2020 11:57 PM IST
മുംബൈ: ഓസ്ട്രേലിയയ്ക്കെതിരായ ആദ്യ ഏകദിനത്തിനിടെ പരിക്കേറ്റ ഇന്ത്യൻ വിക്കറ്റ് കീപ്പർ ഋഷഭ് പന്തിന് പകരം ആന്ധ്രയുടെ കെ.എസ്. ഭരത് ഇന്ത്യൻ ടീമിൽ. പന്തിന് പകരം ബാക്കപ്പ് വിക്കറ്റ് കീപ്പറായാണ് ഇരുപത്താറുകാരനായ ഭരത്തിനെ ടീമിൽ ഉൾപ്പെടുത്തിയത്. ഇന്നലെ രാജ്കോട്ടിൽ നടന്ന രണ്ടാം ഏകദിനത്തിനു മുന്‍പായിരുന്നു ഭരത്തിനെ ഇന്ത്യൻ സംഘത്തിനൊപ്പം ചേർത്തുകൊണ്ടുള്ള പ്രഖ്യാപനമെത്തിയത്.
സഞ്ജു വി. സാംസണ്, ഇഷാൻ കിഷൻ എന്നിവരെ തഴഞ്ഞാണ് ഭരത്തിനെ ടീമിലെടുത്തതെന്നത് നിരവധി ചോദ്യങ്ങൾ ഉയർത്തുന്നു. എന്നാൽ, നിലവിൽ സഞ്ജുവും ഇഷാനും ഇന്ത്യയിലില്ല. ഇന്ത്യ എയുടെ ന്യൂസിലൻഡ് പര്യടനത്തിലാണ് ഇരുവരും. അതുകൊണ്ടുതന്നെ ഭരത്തിന് നറുക്ക് വീണു.
ഇന്ത്യ എയ്ക്കു വേണ്ടി ഓസ്ട്രേലിയ എ, ഇംഗ്ലണ്ട് ലയണ്‍സ്, ശ്രീലങ്ക എ എന്നീ ടീമുകൾക്കെതിരേ ഭരത് സെഞ്ചുറി നേടിയിട്ടുണ്ട്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ ഒന്‍പത് സെഞ്ചുറികളും 22 അർധസെഞ്ചുറികളും നേടിയിട്ടുണ്ട്. ഉയർന്ന സ്കോർ 308 ആണ്. ഡൽഹി ഡെയർഡെവിൾസ്, ഇന്ത്യ ബ്ലൂ, ഇന്ത്യ റെഡ്, റെസ്റ്റ് ഓഫ് ഇന്ത്യ ടീമുകൾക്കുവേണ്ടിയും ഭരത് കളിച്ചിട്ടുണ്ട്.