മഴയ്ക്കുശേഷം ഐപിഎൽ
Thursday, May 21, 2020 11:18 PM IST
മുംബൈ: ഐപിഎൽ ട്വന്റി-20 13-ാം സീസണ് മഴക്കാലത്തിനുശേഷം നടത്തുമെന്ന പ്രഖ്യാപനവുമായി ബിസിസിഐ സിഇഒ രാഹുൽ ജോഹ്രി. ഐപിഎൽ ആരാധകർക്ക് പ്രതീക്ഷ നൽകുന്നതാണ് ഈ പ്രഖ്യാപനം. കൊറോണ വൈറസ് രോഗവ്യാപനത്തെത്തുടർന്ന് ഐപിഎലിന്റെ ഈ വർഷത്തെ സീസണ് അനിശ്ചിതകാലത്തേക്ക് നീട്ടിവച്ചിരിക്കുകയാണ്.
ഈ വർഷം ഒക്ടോബർ 18 മുതൽ നവംബർ 15വരെ ഓസ്ട്രേലിയയിൽ നടക്കേണ്ട ട്വന്റി-20 ലോകകപ്പ് നീട്ടിവയ്ക്കാൻ ബിസിസിഐ ഐസിസിയിൽ അതിശക്തമായ സമ്മർദം ചെലുത്തുന്നുണ്ട്. ഇന്ത്യൻ ടീം ഓസ്ട്രേലിയയിൽ പര്യടനം നടത്തുന്പോൾ ഒരു ടെസ്റ്റ് കൂടുതൽ കളിക്കാമെന്ന തരത്തിലുള്ള സമവാക്യങ്ങളും ഇതിനിടെ ചർച്ചയിലുണ്ട്. ക്രിക്കറ്റ് ഓസ്ട്രേലിയ നേരിടുന്ന കടുത്ത സാന്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണിത്. ഓസ്ട്രേലിയൻ പര്യടനത്തിനായി ഇന്ത്യൻ ടീം ക്വാറന്റൈനിൽ പോകാൻ സന്നദ്ധമാണെന്നും ബിസിസിഐ വൃത്തങ്ങൾ അറിയിച്ചിരുന്നു.