പ്രിയപ്പെട്ടവരുടെ വേർപാടിൽ നീറി മൻദീപ്, റാണ
Monday, October 26, 2020 12:30 AM IST
ഐപിഎലിൽ കഴിഞ്ഞ ദിവസം കിംഗ്സ് ഇലവണ്‍ പഞ്ചാബിന്റെ മൻദീപ് സിംഗും കോൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ നിതീഷ് റാണയും പ്രിയപ്പെട്ടവരുടെ വേർപാടിന്റെ ദുഃഖത്തോടെയാണ് കളത്തിലിറങ്ങിയത്. പിതാവ് ഹർദേവ് സിംഗിന്റെ മരണാനന്തര ചടങ്ങുകളിൽ സ്കൈപ്പിലൂടെ പങ്കെടുത്തശേഷമായിരുന്നു, സണ്‍റൈസേഴ്സിനെതിരേ മൻദീപ് ഓപ്പണിംഗിനായി ക്രീസിലെത്തിയത്. കായിക ഓഫീസറും മൻദീപിന്റെ പിതാവുമായ ഹർദേവ് സിംഗ് കരളിനുണ്ടായ അണുബാധയെ തുടർന്ന് വെള്ളിയാഴ്ചയാണ് മരിച്ചത്. മായങ്ക് അഗർവാളിന് പരിക്കേറ്റതോടെയാണ് മൻദീപ് പഞ്ചാബിന്റെ ഓപ്പണറായത്.
നിതീഷ് റാണയുടെ ഭാര്യാ പിതാവായ സുരീന്ദർ മർവ മരിച്ചതും വെള്ളിയാഴ്ച. ശനിയാഴ്ച ഡൽഹിക്കെതിരേ 53 പന്തിൽ 13 ഫോറും ഒരു സിക്സും സഹിതം 81 റണ്‍സെടുത്ത റാണ ടോപ് സ്കോററായി. മത്സരത്തിനിടെ ‘സുരീന്ദർ’ എന്നെഴുതിയ ജഴ്സി ഉയർത്തിക്കാട്ടി ആദരാഞ്ജലി അർപ്പിച്ചു.