ചരിത്രവിജയവുമായി നിഹാൽ സരിൻ
Tuesday, October 27, 2020 12:36 AM IST
തൃശൂർ: കാർപോവ് ട്രോഫിക്കുവേണ്ടിയുള്ള ഇന്റർനാഷണൽ റാപ്പിഡ് ചെസ് ടൂർണമെന്റിൽ ഇന്ത്യയുടെ നിഹാൽ സരിൻ ജേതാവായി. നിഹാലിനേക്കാൾ 34 പോയിന്റ് ഇലോ റേറ്റിംഗിൽ മുന്നിൽ നിൽക്കുന്ന റഷ്യൻ ഗ്രാൻഡ് മാസ്റ്റർ അലക്സി സെറാനയെയാണ് 1.5-0.5 പോയിന്റ് നിലയിൽ തറപറ്റിച്ചത്.
സെമിഫൈനലിൽ ജോർജിയയ്ക്കുവേണ്ടി കളിച്ച ബൾഗേറിയൻ ഗ്രാൻഡ്മാസ്റ്റർ ചെപ്പാരിനോവിനെയും, ക്വാർട്ടർ ഫൈനലിൽ ഫ്രാൻസിന്റെ ഗ്രാൻഡ്മാസ്റ്റർ എറ്റീനെ ബാക്രോട്ടിനെയും പരാജയപ്പെടുത്തിയാണ് നിഹാൽ ഫൈനലിലെത്തിയത്. ക്വാർട്ടർ ഫൈനലിനുമുന്പ് 14 പ്രാഥമിക റൗണ്ട് മത്സരമാണ് കളിച്ചത്.
കഴിഞ്ഞവർഷം ഫ്രാൻസിൽ നടന്ന കാർപോവ് ട്രോഫി ഇന്റർനാഷണൽ റാപ്പിഡ് ചെസ് ടൂർണമെന്റിലെ പ്രദർശനമത്സരത്തിൽ, 16 വർഷം ലോക ചെസ് ചാന്പ്യനായിരുന്ന അനറ്റോളി കാർപോവിനെ പതിനാറ്വയസു പോലും തികയാത്ത നിഹാൽ സരിൻ സമനിലയിൽ പിടിച്ചതു ലോകശ്രദ്ധ നേടിയിരുന്നു. അന്നു കാർപോവ് നിഹാലിനു കൈ കൊടുത്ത് അനുഗ്രഹിക്കുകയും ചെയ്തു. രണ്ടുവർഷം മുന്പ് കോൽക്കത്തയിൽ നടന്ന ടാറ്റാ സ്റ്റീൽ ഇന്റർനാഷണൽ റാപ്പിഡ് ചെസ് മത്സരത്തിൽ അഞ്ചുവർഷം ലോക ചാന്പ്യനായിരുന്ന ഇന്ത്യയുടെ ചെസ് ഇതിഹാസം വിശ്വനാഥൻ ആനന്ദിനെയും നിഹാൽ സമനിലയിൽ തളച്ചിരുന്നു.
ഈ വർഷത്തെ ചെസ് ഒളിന്പ്യാഡിൽ ചരിത്രത്തിലാദ്യമായി സ്വർണം നേടിയ ഇന്ത്യൻ ടീമിലെ ഏക മലയാളി താരമായിരുന്നു തൃശൂർ ദേവമാത സിഎംഐ പബ്ലിക് സ്കൂളിലെ പതിനൊന്നാം ക്ലാസുകാരനായ നിഹാൽ. തൃശൂർ മെഡിക്കൽ കോളജിലെ ഡോക്ടർ ദന്പതികളായ ഡോ. സരിന്റെയും ഡോ. ഷിജിലിന്റെയും മകനാണ്. ദേവമാതാ സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിനിയായ നേവാ സരിൻ ഏക സഹോദരിയാണ്.