രജനീഷ് ഹെൻറി വേള്‍ഡ് ബ്ലൈന്‍ഡ് ക്രിക്കറ്റ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ്
Monday, November 30, 2020 12:50 AM IST
കൊച്ചി: ക്രിക്കറ്റ് അസോസിയേഷന് ഓഫ് ബ്ലൈന്‍ഡ് ഇന്‍ കേരള(സിഎബികെ) ജനറല്‍ സെക്രട്ടറി രജനീഷ് ഹെൻറിയെ വേള്‍ഡ് ബ്ലൈന്‍ഡ് ക്രിക്കറ്റ് കൗണ്‍സില്‍ വൈസ് പ്രസിഡന്റായി തെരഞ്ഞെടുത്തു. ഓണ്‍ലൈനില്‍ നടന്ന 21ാ മത് വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിലാണ് രണ്ടിനെതിരെ എട്ട് വോട്ടുകള്‍ക്ക് ദക്ഷിണാഫ്രിക്കയുടെ ഡുമിസോ ന്യാനോസിനെ പരാജയപ്പെടുത്തിയത്. പാക്കിസ്ഥാനില്‍നിന്നുള്ള സയ്യദ് സുല്‍ത്താന്‍ ഷാ പ്രസിഡന്റും, ഓസ്ട്രേലിയയില്‍നിന്നുള്ള റെയ്മണ്ട് മോക്സ്ലി ജനറല്‍ സെക്രട്ടറിയുമാണ്.
സിഎബികെ ജനറല്‍ സെക്രട്ടറി സ്ഥാനത്തിനു പുറമെ, ക്രിക്കറ്റ് അസോസിയേഷന് ഫോര്‍ ബ്ലൈന്‍ഡ് ഇന്‍ ഇന്ത്യയുടെ സീനിയര്‍ വൈസ് പ്രസിഡന്റ്, ഏഷ്യന്‍ ബ്ലൈന്‍ഡ് ക്രിക്കറ്റ് ഡെവലപ്മെന്റ് ഡയറക്ടര്‍ എന്നീ സ്ഥാനങ്ങളും രജനീഷ് വഹിക്കുന്നുണ്ട്. കേരളത്തില്‍ കാഴ്ചപരിമിതരുടെ ഏഷ്യാ കപ്പ്, വേള്‍ഡ് കപ്പ് മത്സരങ്ങളുടെ സംഘാടകനായിരുന്ന രജനീഷ് കോഴിക്കോട് മാനാഞ്ചിറ മോഡല്‍ ഗവ. ഹയര്‍സെക്കൻഡറി സ്കൂള്‍ അധ്യാപകന് കൂടിയാണ്.