ബലാബലം ; എഫ്സി ഗോവയും നോർത്ത് ഈസ്റ്റും സമനിലയിൽ പിരിഞ്ഞു
Monday, November 30, 2020 11:56 PM IST
പനാജി: കളിക്കാർ തമ്മിലും പരിശീലകർ തമ്മിലും ഉരസൽ നടന്ന വാശിയേശിയ പോരാട്ടത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡും എഫ്സി ഗോവയും ഓരോ പോയിന്റ് പങ്കുവച്ചു. ആദ്യ പകുതിയിൽ രണ്ട് ഗോൾ വീണെങ്കിലും രണ്ടാം പകുതിയിൽ ആർക്കും വല കുലുക്കാനായില്ല.
രണ്ടാം പകുതിയിലാണ് ഗോവയുടെ പരിശീലകൻ ഹ്വാൻ ഫെർണാണ്ടോയും നോർത്ത് ഈസ്റ്റിന്റെ പരിശീലകൻ ജെറാർഡ് നസും ഏറ്റുമുട്ടിയത്. ഇരുവരെയും സഹപരിശീലകരും കളിക്കാരും ചേർന്ന് പിടിച്ചുമാറ്റുകയായിരുന്നു. പിന്നീട് ആവേശം മൂത്ത് നിർദേശം നൽകുന്നതിനിടെ അടിതെറ്റി നസ് വീണപ്പോൾ ഫെർണാണ്ടോ അത്യദികം സന്തോഷിക്കുന്നതും കാണാമായിരുന്നു. ഇരുവരെ സ്പാനിഷുകാരാണ്.
മത്സരത്തിന്റെ 40-ാം മിനിറ്റിൽ ഇദ്രിസ സില്ലയുടെ പെനൽറ്റി ഗോളിലൂടെ നോർത്ത് ഈസ്റ്റ് മുന്നിൽ കടന്നു. സില്ലയെ ബോക്സിനുള്ളിൽ ഇവാൻ വീഴ്ത്തിയതിനായിരുന്നു പെനൽറ്റി. എന്നാൽ, തുടർന്നുള്ള മൂന്നാം മിനിറ്റിൽ ഇഗോർ അൻഗ്യൂലൊയിലൂടെ ഗോവക്കാർ ഒപ്പമെത്തി. ബ്രണ്ടൻ ഫെർണാണ്ടസിന്റെ ക്രോസിൽനിന്നായിരുന്നു ഗോൾ. മത്സരത്തിൽ 87 ശതമാനവും പന്ത് കൈവശംവച്ചത് ഗോവയായിരുന്നു.