കോവിഡ് : ടിടി ഇതിഹാസം ചന്ദ്രശേഖർ അന്തരിച്ചു
Thursday, May 13, 2021 12:12 AM IST
ചെന്നൈ: ഇന്ത്യയുടെ ഇതിഹാസ ടേബിൾ ടെന്നീസ് താരം വി. ചന്ദ്രശേഖർ (64) കോവിഡ്-19 ബാധിച്ച് അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽവച്ചായിരുന്നു അന്ത്യം.
അർജുന അവാർഡ് ജേതാവായിരുന്ന ചന്ദ്രശേഖർ കോവിഡനന്തര സങ്കീർണതകളെ തുടർന്ന് ആശുപത്രിയിലായിരുന്നു. മൂന്ന് തവണ ദേശീയ ടേബിൾ ടെന്നീസ് ചാന്പ്യനായിരുന്ന അദ്ദേഹം 1982 കോമണ്‍വെൽത്ത് ഗെയിംസിന്റെ സെമിഫൈനലിലെത്തിയിരുന്നു. 1984ൽ കാലിൽ നടത്തിയ ശസ്ത്രക്രിയ അദ്ദേഹത്തിന്റെ കരിയർ തകർത്തു.
ഇരുപത്തിനാലാം വയസിൽ നടന്ന ശസ്ത്രക്രിയക്കു പിന്നാലെ സംസാര ശേഷിയും കാഴ്ച ശക്തിയും ചലനാത്മകതയും അദ്ദേഹത്തിന് നഷ്ടമായി. ചെന്നൈ അപ്പോളോ ആശുപത്രിയിൽവച്ചായിരുന്നു ശസ്ത്രക്രിയ. അനസ്തേഷ്യയുടെ ഡോസ് കൂടിപ്പോയതോടെ മസ്തിഷ്കത്തിനു തകരാർ സംഭവിച്ചു. അതോടെയാണ് കാഴ്ചയും ചലനവും നഷ്ടപ്പെട്ടത്. ആശുപത്രിക്കെതിരേ നിയമ പോരാട്ടം നടത്തുകയും അനുകൂലമായ വിധി സന്പാദിക്കുകയും ചെയ്ത ചന്ദ്രശേഖർ, ജീവിതത്തോട് ശക്തമായി പോരാടുകയും പിന്നീട് പരിശീലകനായി പ്രവർത്തിക്കുകയും ചെയ്തു.
ചേതൻ ബബൂർ, ആന്റണി അമൽരാജ്, സത്യൻ ഗണശേഖരൻ തുടങ്ങിയവർ ചന്ദ്രശേഖറിന്റെ പരിശീലനത്തിനു കീഴിൽ ഉയർന്നുവന്നതാണ്. ലോക റാങ്കിംഗിൽ 38-ാം സ്ഥാനത്തുള്ള സത്യൻ ടോക്കിയോ ഒളിന്പിക്സിനു യോഗ്യത സ്വന്തമാക്കിയിട്ടുമുണ്ട്.
ഏഷ്യൻ ഗെയിംസിൽ വെങ്കലം, യുഎസ് ചാന്പ്യൻഷിപ്പിൽ വെള്ളി തുടങ്ങിയ നേട്ടങ്ങളും വേണുഗോപാൽ ചന്ദ്രശേഖറിനു സ്വന്തം. 1982ൽ രാജ്യം അർജുന നൽകി ആദരിച്ചു.