ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്; സമനിലയായാല്‍ സംയുക്തജേതാക്കള്‍
Friday, May 28, 2021 11:27 PM IST
ദുബായ്: പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ അടുത്ത മാസം നടക്കാനിരിക്കെ മത്സരത്തിന്റെ നിയമാവലിയും വ്യവസ്ഥകളും ഐസിസി പുറത്തിറക്കി. സതാംപ്ടണില്‍ ഇന്ത്യയും ന്യൂസിലന്ഡുമാണു കലാശപ്പോരിനിറങ്ങുന്നത്.
ജൂണ്‍ 18 മുതല്‍ 22 വരെ നടക്കുന്ന ഫൈനല്‍ മത്സരത്തില്‍ എന്തെങ്കിലും കാരണവശാല്‍ സമയനഷ്ടമുണ്ടായാല്‍ ജൂണ്‍ 23ലെ റിസര്‍വ് ഡേയിലേക്കു മത്സരം നീളും. മത്സരം സമനിലയിലായാലോ ടൈ ആയാലോ ഇരു ടീമുകളെയും സംയുക്ത ജേതാക്കളായി പ്രഖ്യാപിക്കുമെന്നും ഐസിസി വ്യക്തമാക്കി.
ഫൈനല്‍ മത്സരത്തിന് അഞ്ചു ദിവസവും സമ്പൂര്‍ണ സെഷനുകളും ഉറപ്പാക്കാന്‍ വേണ്ടിയാണു റിസര്‍വ് ദിനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഉണ്ടാകുന്ന സമയനഷ്ടം പരിഹരിക്കാന്‍ അഞ്ചു ദിവസവും അനുവദിച്ചിരിക്കുന്ന അധികസമയം തികയാതെ വന്നാല്‍ മാത്രമേ റിസര്‍വ് ദിനം ഉപയോഗിക്കൂ.
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പ്രഖ്യാപിച്ച 2018ല്‍ പുറത്തിറക്കിയ നിയമാവലികള്‍ തന്നെയാണ് ഐസിസി ഇപ്പോഴും പിന്തുടരുന്നത്. റിസര്‍വ് ദിനം ഉപയോഗിക്കേണ്ട സാഹചര്യം വന്നാല്‍ ഐസിസി മാച്ച് റഫറി ഇക്കാര്യം ഇരു ടീമുകളെയും മാധ്യമങ്ങളെയും അറിയിക്കും.
പൂര്‍ണമായ സെഷനുകളോടെ അഞ്ച് ദിവസവും വിജയികളെ നിര്ണയിക്കാനായില്ലെങ്കിലും റിസര്‍വ് ദിനം ഉപയോഗിക്കില്ലെന്നും മത്സരം സമനിലയായി പ്രഖ്യാപിക്കുമെന്നും ഐസിസി അറിയിച്ചു.