ഇൻസ്റ്റയിൽ മെസി റിക്കാർഡ്
Monday, July 19, 2021 11:22 PM IST
ബുവാനോസ് ആരീസ്: അർജന്റൈൻ സൂപ്പർ ഫുട്ബോളർ ലയണൽ മെസിക്ക് ഇൻസ്റ്റഗ്രാമിൽ ലൈക്ക് റിക്കാർഡ്. ഇൻസ്റ്റയിൽ റിക്കാർഡ് ഫോളോവേഴ്സും വരുമാനവുമുള്ള പോർച്ചുഗൽ താരം ക്രിസ്റ്റ്യാനൊ റൊണാൾഡോയെ പിന്തള്ളിയാണു മെസി റിക്കാർഡ് നേട്ടത്തിലെത്തിയത്. സമൂഹമാധ്യമമായ ഇൻസ്റ്റഗ്രാമിൽ ഏറ്റവും കൂടുതൽ ലൈക്ക് ഉള്ള സ്പോർട്സ് ഫോട്ടോ എന്ന റിക്കാർഡാണു മെസിയെ തേടിയെത്തിയത്. 2021 കോപ്പ അമേരിക്ക ഫുട്ബോൾ ചാന്പ്യൻഷിപ്പ് അർജന്റീന സ്വന്തമാക്കിയശേഷം ഡ്രസിംഗ് റൂമിൽ ട്രോഫി നെഞ്ചോട് ചേർത്തുപിടിച്ച് ചിരിയോടെ ഇരിക്കുന്ന മെസിയുടെ ചിത്രമാണു ലൈക്കിൽ റിക്കാർഡിട്ടത്. 2.1 കോടിയോളം ആളുകൾ ഈ ചിത്രം ലൈക്ക് ചെയ്തു.
അർജന്റൈൻ ഇതിഹാസം ഡിയേഗൊ മാറഡോണ അന്തരിച്ചപ്പോൾ ക്രിസ്റ്റ്യാനൊ റൊണാൾഡോ പങ്കുവച്ച ചിത്രത്തിന് 1.98 കോടി ലൈക്ക് കിട്ടിയതായിരുന്നു ഇതുവരെയുള്ള റിക്കാർഡ്.
മലയാളികൾക്ക് അർജന്റീനയുടെ അഭിനന്ദനം
കോപ്പ അമേരിക്ക ചാന്പ്യൻഷിപ്പിൽ അർജന്റീനയ്ക്ക് അടിയുറച്ച പിന്തുണ നൽകിയ മലയാളികളെ അർജന്റീന അഭിനന്ദനമറിയിച്ചു. അർജന്റൈൻ എംബസിയാണ് ഇന്ത്യൻ ഫുട്ബോൾ ആരാധകർക്കും പ്രത്യേകിച്ച് കേരളത്തിനും അഭിനന്ദനം അറിയിച്ചത്. ഫൈനലിൽ 1-0ന് ബ്രസീലിനെ കീഴടക്കി അർജന്റീന കോപ്പ അമേരിക്ക സ്വന്തമാക്കി,1993നുശേഷം അർജന്റീനയുടെ ആദ്യ സുപ്രധാന കിരീടം. സൂപ്പർ താരം ലയണൽ മെസിയുടെ സീനിയർ കരിയറിലെ ആദ്യ രാജ്യാന്തര ട്രോഫിയാണിത്.