സിറ്റി, ലിവർപൂൾ മുന്നോട്ട്
Thursday, September 23, 2021 12:51 AM IST
ലണ്ടൻ: ഇംഗ്ലീഷ് ലീഗ് കപ്പ് ഫുട്ബോളിൽ കരുത്തരായ മാഞ്ചസ്റ്റർ സിറ്റി, ലിവർപൂൾ തുടങ്ങിയ ടീമുകൾ വന്പൻ ജയത്തോടെ മുന്നോട്ട്. മൂന്നാം റൗണ്ട് പോരാട്ടത്തിൽ സിറ്റി 6-1ന് വികൊന്പ് വാണ്ടറേഴ്സിനെ തകർത്തു.
റിയാദ് മഹ്റെസ് (43’, 83’) ഇരട്ട ഗോൾ നേടി. ഡിബ്രൂയിൻ (29’), ഫിൽ ഫോഡൻ (45+1’), ഫെറാൻ ടോറസ് (71’), കോൾ പാൽമെർ (88’) എന്നിവരും സിറ്റിക്കായി വലകുലുക്കി. 22-ാം മിനിറ്റിൽ ബ്രൻഡൻ ഹൻലാനിലൂടെ വികൊന്പ് ആയിരുന്നു ആദ്യം മുന്നിലെത്തിയത്.
നോർവിച്ചിനെ എതിരില്ലാത്ത മൂന്ന് ഗോളിനാണ് ലിവർപൂൾ തറപറ്റിച്ചത്. ജാപ്പനീസ് താരം തകുമി മിനാമിനൊ (4’, 80’) ലിവർപൂളിനായി ഇരട്ട ഗോൾ സ്വന്തമാക്കി. ഒറിഗിയുടെ (50’) വകയായിരുന്നു മറ്റൊരു ഗോൾ.
മാരത്തണ്‍ പെനൽറ്റിയിലൂടെ എവർട്ടണിനെ കീഴടക്കി ക്വീൻസ് പാർക്ക് റേഞ്ചേഴ്സും നാലാം റൗണ്ടിൽ പ്രവേശിച്ചു. 2-2 സമനില പാലിച്ചതോടെ ഷൂട്ടൗട്ട് വേണ്ടിവന്നു. ഷൂട്ടൗട്ടിൽ 8-7നായിരുന്നു ക്വീൻസ് പാർക്കിന്റെ ജയം.