ഓസീസ് വനിതകൾക്കു പരന്പര
Saturday, September 25, 2021 1:32 AM IST
ക്വീൻസ്ലൻഡ്: ഇന്ത്യൻ വനിതകൾക്കെതിരായ മൂന്ന് മത്സര ഏകദിന ക്രിക്കറ്റ് പന്പരയിലെ രണ്ടാം മത്സരത്തിലും ഓസ്ട്രേലിയൻ വനിതകൾക്കു ജയം. അവസാന പന്ത് വരെ ആവേശം നിറഞ്ഞ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ അഞ്ച് വിക്കറ്റിനാണ് ഓസീസ് വനിതകൾ വെന്നിക്കൊടി പാറിച്ചത്.
അവസാന പന്തിൽ രണ്ട് റണ്‍സ് ജയിക്കാൻവേണ്ടിയിരുന്ന ഓസീസ് അത് ഓടിയെടുത്തു. ഇതോടെ 2-0ന്റെ ലീഡോടെ ആതിഥേയർ പരന്പര സ്വന്തമാക്കി. സ്കോർ: ഇന്ത്യ 50 ഓവറിൽ 274/7, ഓസ്ട്രേലിയ 50 ഓവറിൽ 275/5.
ഓസ്ട്രേലിയയ്ക്കായി ബെത് മൂണി (125 നോട്ടൗട്ട്), തഹില മഗ്രാത്ത് (74) എന്നിവർ തിളങ്ങി. ഇന്ത്യക്കായി സ്മൃതി മന്ദാന (86), റിച്ച ഘോഷ് (44) എന്നിവർ മികച്ച പ്രകടനം പുറത്തെടുത്തു.