പന്ത് അവിഭാജ്യഘടകം: ദ്രാവിഡ്
Tuesday, June 21, 2022 12:00 AM IST
ബംഗളൂരു: ഋഷഭ് പന്തിനു പിന്തുണയുമായി ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകൻ രാഹുൽ ദ്രാവിഡ്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി20 പരന്പരയിലെ നിറംമങ്ങിയ പ്രകടനത്തിനു പിന്നാലെ ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിലെ പന്തിന്റെ സ്ഥാനത്തെക്കുറിച്ചുപോലും ചോദ്യങ്ങൾ ഉയർന്നിരുന്നു. ഇതിനു പിന്നാലെയാണു പന്തിനു പിന്തുണയുമായി ദ്രാവിഡ് എത്തിയത്.
ഇന്ത്യൻ ടീമിൽ പന്തിന്റെ റോൾ വളരെ വലുതാണെന്നും ട്വന്റി20 ലോകകപ്പിലെ ഇന്ത്യയുടെ പദ്ധതികളിലെ അവിഭാജ്യ ഘടകമാണു പന്തെന്നും, ഇന്ത്യ- ദക്ഷിണാഫ്രിക്ക പരന്പരയ്ക്കു ശേഷമുള്ള മാധ്യമ സമ്മേളനത്തിൽ ദ്രാവിഡ് പറഞ്ഞു. ദക്ഷിണാഫ്രിക്കയ്ക്കെതിരേ അഞ്ച് ഇന്നിംഗ്സിൽ വെറും 58റണ്‍സ് മാത്രമേ പന്തിനു നേടാനായുള്ളൂ.
പന്തിന്റെ ഭാഗത്തുനിന്നു ചിന്തിക്കുന്പോൾ അല്പംകൂടി റണ്‍സ് നേടാൻ സാധിച്ചിരുന്നെങ്കിൽ എന്നു തോന്നിയേക്കാം. പക്ഷേ, അതു പന്തിനെ ആശങ്കപ്പെടുത്തുന്നില്ല. അടുത്ത ചില മാസങ്ങളിലെ നമ്മുടെ പദ്ധതികളിൽ വളരെ വലിയ പങ്കാണു പന്ത് വഹിക്കുന്നത്. രണ്ടോ മൂന്നോ മത്സരങ്ങളിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ വിലയിരുത്തലുകൾ നടത്താനാൻ വളരെ ബുദ്ധിമുട്ടാണ്- ദ്രാവിഡ് പറഞ്ഞു.
ഇക്കഴിഞ്ഞ ഐപിഎൽ സീസണിൽ 158ൽ അധികം സ്ട്രൈക്ക് റേറ്റിൽ ഡൽഹി ക്യാപ്പിറ്റൽസിനായി 340 റണ്‍സ് നേടിയ പന്തിന്റെ പ്രകടനത്തെയും ദ്രാവിഡ് ഓർമിപ്പിച്ചു. ബാറ്റിംഗ് ശരാശരിയുടെ അടിസ്ഥാനത്തിൽ അത്ര മെച്ചമെന്നു തോന്നിക്കില്ലെങ്കിലും സ്ട്രൈക്ക് റേറ്റ് എടുത്തുനോക്കിയാൽ പന്തിന്റെ ഐപിഎൽ സീസണ് മികച്ചതായിരുന്നെന്നു പറയേണ്ടിവരും.
ഐപിഎൽ തന്നെ എടുത്തുനോക്കിയാൽ, മൂന്നു വർഷത്തിനു മുൻപുവരെ അല്പംകൂടി മെച്ചപ്പെട്ട ബാറ്റിംഗ് ശരാശരി ആയിരുന്നു പന്തിന്റേത്. രാജ്യാന്തര തലത്തിൽ പന്തിന് ആ പ്രകടനം പുറത്തെടുക്കാൻ കഴിയുമോ എന്നാണു നോക്കുന്നത്. ആക്രമണോത്സുക ബാറ്റിംഗിനിടെ ചിലപ്പൊഴൊക്കെ പന്തിനു പിഴവുകൾ സംഭവിക്കാം.
പക്ഷേ, ഇന്ത്യൻ ബാറ്റിംഗ് നിരയുടെ അവിഭാജ്യ ഘടകമായിത്തന്നെ പന്ത് തുടരും. പന്തിന്റെ കരുത്ത്, ഇടംകൈയൻ ബാറ്റർ എന്ന നിലയിൽ മധ്യഓവറുകളിൽ പന്തിന്റെ സാന്നിധ്യം എന്നിവ വളരെ പ്രധാനപ്പെട്ട കാര്യങ്ങളാണ്. വളരെ മികച്ച ചില ഇന്നിംഗ്സുകൾ പന്ത് കളിച്ചിട്ടുമുണ്ട്. -ദ്രാവിഡ് പറഞ്ഞു.