സജന് റിക്കാർഡോടെ സ്വർണം
Thursday, August 18, 2022 12:28 AM IST
തിരുവനന്തപുരം: ദേശീയ പോലീസ് അക്വാട്ടിക് ചാന്പ്യൻഷിപ്പിൽ കേരളാ പോലീസിന്റെ സജൻ പ്രകാശിന് റിക്കാർഡോടെ സ്വർണം. 50 മീറ്റർ ബട്ടർഫ്ളൈ സ്ട്രോക്കിൽ 24.83 സെക്കൻഡിൽ നീന്തിയെത്തിയാണ് സജൻ റിക്കാർഡിന് ഉടമയായത്.
പിരപ്പൻകോട് സ്വിമ്മിംഗ് പൂളിൽ മീറ്റിലെ ഉദ്ഘാടന മത്സര ഇനമായ 1500 മീറ്റർ ഫ്രീസ്റ്റൈലിൽ കേരളാ താരം ജോമി ജോർജ് സ്വർണം സ്വന്തമാക്കിയാണ് കേരളം മെഡൽ വേട്ട ആരംഭിച്ചത്.
2019 ൽ കേരളാ പോലീസിൽ ജോലിയിൽ പ്രവേശിച്ച ജോമി കോട്ടയം പാല സ്വദേശിയാണ്. നിലവിൽ കെ.എ.പി അഞ്ചാം ബറ്റാലിയനിൽ ഹവിൽദാർ ആണ്. ദേശീയ താരമായ സജൻ പ്രകാശ് മിന്നും പ്രകടനത്തോടെയാണ് 50 മീറ്റർ ബട്ടർഫ്ളൈയിൽ റിക്കാർഡോടെ സ്വർണത്തിന് ഉടമയായത്. മുൻ അത്ലറ്റ് ഷാന്റിമോളുടെ മകനാണ് സജൻ. 200 മീറ്റർ വ്യക്തിഗത മെഡ്ലെ വിഭാഗത്തിലും ദേശീയ റെക്കോർഡോടെ സജൻ സ്വർണത്തിൽ മുത്തമിട്ടു.