കഴുത്തിനു പിടിച്ചു; രോഹിത് വൈറലായി!
Wednesday, September 21, 2022 11:28 PM IST
മൊഹാലി: മൊഹാലിയിൽ നടന്ന ഓസ്ട്രേലിയയ്ക്കെതിരായ ആദ്യ ട്വന്റി20 മത്സരത്തിൽ പരാജയപ്പെട്ടെങ്കിലും ഇന്ത്യൻ നായകൻ രോഹിത് ശർമ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. മത്സരത്തിനിടെ ഇന്ത്യൻ നായകൻ വിക്കറ്റ് കീപ്പർ ദിനേഷ് കാർത്തിക്കിന്റെ കഴുത്തിനു പിടിച്ചതാണു ചർച്ചാവിഷയം.
12-ാം ഓവറിൽ ഗ്ലെൻ മാക്സ്വെല്ലിന്റെ പുറത്താകലിനു പിന്നാലെയാണു നാടകീയ സംഭവങ്ങൾ. ഉമേഷ് യാദവിന്റെ പന്തിൽ ദിനേഷ് കാർത്തിക് ക്യാച്ചെടുത്താണു മാക്സ്വെൽ പുറത്തായത്. ആദ്യം ഉമേഷിന്റെ അപ്പീൽ അന്പയർ അനുവദിച്ചില്ല. ഇതേത്തുടർന്നു രോഹിത് ഡിആർഎസ് ആവശ്യപ്പെട്ടു. പരിശോധനയിൽ മാക്സ്വെല്ലിന്റെ ബാറ്റിൽ പന്ത് കൊണ്ടതായി സ്ഥിരീകരിച്ചു, ഒൗട്ടും അനുവദിച്ചു.
രസകരമായ കാര്യം, വിക്കറ്റ് കീപ്പറായിരുന്ന കാർത്തിക് മാക്സ്വെല്ലിനെതിരേ അപ്പീൽ ചെയ്തിട്ടുപോലുമുണ്ടായിരുന്നില്ല. ഇതിൽ അതൃപ്തി പ്രകടിപ്പിച്ച് രോഹിത് ശർമ കാർത്തിക്കിനു നേരെ സംസാരിച്ചുകൊണ്ട് അടുക്കുന്നതും തമാശയായി കഴുത്തിനു പിടിക്കുന്നതും കാണാം. കാർത്തിക് ചിരിച്ചുകൊണ്ടാണു രോഹിതിനെ നേരിടുന്നത്. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.