ജോക്കോവിച്ച് x റൂഡ് ഫ്രഞ്ച് ഓപ്പണ്‍ ഫൈനൽ ഇന്ന്
Saturday, June 10, 2023 11:27 PM IST
പാരീസ്: ടെന്നീസ് ലോകത്തിൽ പുതിയ റിക്കാർഡ് പിറക്കുന്നതിനായി ആരാധകരുടെ കാത്തിരിപ്പ്. പുരുഷ സിംഗിൾസിൽ 23 ഗ്രാൻസ്ലാം കിരീടം എന്ന നേട്ടത്തിനരികെ സെർബിയയുടെ നൊവാക് ജോക്കോവിച്ച്. ഫ്രഞ്ച് ഓപ്പണ്‍ പുരുഷ സിംഗിൾസ് ഫൈനലിൽ നൊവാക് ജോക്കോവിച്ചും നോർവെയുടെ കാസ്പർ റൂഡും ഇന്ന് ഏറ്റുമുട്ടും.
ഇന്ത്യൻ സമയം വൈകുന്നേരം 6.30നാണ് ഫൈനൽ. ഇന്ന് ജയിച്ചാൽ ജോക്കോവിച്ചിന്റെ ഗ്രാൻസ്ലാം കിരീട നേട്ടം 23 ആകും. 22 കിരീടങ്ങളുമായി സ്പെയിനിന്റെ റാഫേൽ നദാലിനൊപ്പം റിക്കാർഡ് പങ്കിടുന്ന ജോക്കോവിച്ച് അതോടെ ഒറ്റയ്ക്ക് ടെന്നീസ് ലോകത്തിന്റെ നെറുകയിൽ വാഴും.
സെമിയിൽ ഒന്നാം സീഡായ സ്പെയിനിന്റെ കാർലോസ് അൽകാരസിനെ 6-3, 5-7, 6-1, 6-1നു കീഴടക്കി ജോക്കോവിച്ച് ഫൈനൽ ടിക്കറ്റ് എടുത്തു. ജർമനിയുടെ അലക്സാണ്ടർ സ്വരേവിനെയാണ് (6-3, 6-4, 6-0) റൂഡ് സെമിയിൽ തോൽപ്പിച്ചത്.
34: ഫൈനൽ നന്പർ
ജോക്കോവിച്ചിനെ 34-ാം ഗ്രാൻസ്ലാം ഫൈനലാണ് ഇന്ന് അരങ്ങേറുന്നത്. ഫ്രഞ്ച് ഓപ്പണിൽ ഏഴാമത്തേതും. 22 ഗ്രാൻസ് ലാം ഇതുവരെ നേടിയതിൽ രണ്ട് തവണ മാത്രമാണ് ഫ്രഞ്ച് ഓപ്പണ്‍ (2016, 2021) സ്വന്തമാക്കാൻ ജോക്കോവിച്ചിനു സാധിച്ചത്.
മറുവശത്ത് നാലാം സീഡായ കാസ്പർ റൂഡിന്റെ രണ്ടാം ഫ്രഞ്ച് ഓപ്പണ്‍ ഫൈനലാണ്. 2022ലും റൂഡ് ഫ്രഞ്ച് ഓപ്പണ്‍ ഫൈനലിൽ പ്രവേശിച്ചിരുന്നു. കന്നി ഗ്രാൻസ്ലാം കിരീടമാണ് 24കാരനായ റൂഡ് ലക്ഷ്യം വയ്ക്കുന്നത്.