വനിതാ ലോകകപ്പിൽ ഇന്ത്യ നിർണായക പോരാട്ടത്തിൽ നാളെ ഓസ്ട്രേലിയയെ നേരിടും
Friday, October 11, 2024 11:49 PM IST
ദുബായ്/ഷാർജ: ഐസിസി വനിതാ ട്വന്റി-20 ക്രിക്കറ്റിൽ ഫൈനലിനു സമാനമായ ഗ്രൂപ്പ് പോരാട്ടത്തിനൊരുങ്ങി ഇന്ത്യ. ഗ്രൂപ്പ് എയിൽനിന്നു സെമി ഫൈനലിലേക്കു ശേഷിക്കുന്ന ഏക ടിക്കറ്റിനായി ഇന്ത്യയും ന്യൂസിലൻഡും രംഗത്തുണ്ട്.
ന്യൂസിലൻഡ് ഇന്നു ശ്രീലങ്കയെ കീഴടക്കിയാൽ നാളെ ഓസ്ട്രേലിയയെ തകർത്തു മാത്രമേ ഇന്ത്യക്കു സെമി ഫൈനൽ ടിക്കറ്റു കരസ്ഥമാക്കാൻ സാധിക്കൂ.
അതേസമയം, ഇന്നു നടക്കുന്ന മത്സരത്തിൽ ന്യൂസിലൻഡ് ശ്രീലങ്കയോടു പരാജയപ്പെട്ടാൽ ഹർമൻപ്രീത് കൗറിനും സംഘത്തിനും സെമി ഫൈനൽ ടിക്കറ്റിനുള്ള സാധ്യത വർധിക്കും. ന്യൂസിലൻഡിന്റെ അവസാന മത്സരം 14നു പാക്കിസ്ഥാനെതിരേയാണ്.
നെറ്റ് റണ്‍ റേറ്റ്
ഗ്രൂപ്പ് എയിൽ ന്യൂസിലൻഡിനോട് 58 റണ്‍സിനു പരാജയപ്പെട്ടാണ് ഇന്ത്യ ലോകകപ്പ് പോരാട്ടം തുടങ്ങിയത്. രണ്ടാം മത്സരത്തിൽ പാക്കിസ്ഥാനെ ആറു വിക്കറ്റിനു കീഴടക്കിയെങ്കിലും നെറ്റ് റണ്‍ റേറ്റ് പ്ലസിൽ എത്തിയില്ല. എന്നാൽ, മൂന്നാം മത്സരത്തിൽ ശ്രീലങ്കയെ 82 റണ്‍സിനു തകർത്ത് ഇന്ത്യ നെറ്റ് റണ്‍ റേറ്റ് പ്ലസിൽ (+0.576) എത്തിച്ചു. അതോടെ മൂന്നു മത്സരങ്ങളിൽനിന്നു നാലു പോയിന്റുമായി രണ്ടാം സ്ഥാനത്തെത്തി ഹർമൻപ്രീത് കൗറും സംഘവും.
പ്രാർഥനയോടെ ഇന്ത്യ
ന്യൂസിലൻഡ് ശേഷിക്കുന്ന രണ്ടു മത്സരങ്ങളിലും പരാജയപ്പെട്ടാൽ ഇന്ത്യക്കു സെമി ഫൈനൽ ടിക്കറ്റ് ഓട്ടോമാറ്റിക്കായി ലഭിക്കും. ഇന്നു ശ്രീലങ്കയെയും 14നു പാക്കിസ്ഥാനെയും കീഴടക്കിയാൽ ന്യൂസിലൻഡിന്റെ പോയിന്റ് ആറാകും. നാളെ ഓസ്ട്രേലിയയെ കീഴടക്കിയാൽ മാത്രമേ ഇന്ത്യക്ക് ആറു പോയിന്റിൽ എത്താൻ സാധിക്കൂ.
നാളെ ഓസ്ട്രേലിയ പരാജയപ്പെട്ടാൽ ഓസ്ട്രേലിയയും ആറു പോയിന്റിൽ ഒതുങ്ങും. അതോടെ നെറ്റ് റണ്‍ റേറ്റിന്റെ അടിസ്ഥാനത്തിൽ ഗ്രൂപ്പ് എയിലെ ആദ്യ രണ്ടു ടീമുകളെ നിശ്ചയിക്കും. ഗ്രൂപ്പിലെ ആദ്യ രണ്ടു സ്ഥാനക്കാർക്കാണ് സെമി ഫൈനൽ യോഗ്യത ലഭിക്കുക.
ഓസീസ് മിന്നിച്ചു
ദുബായ്: ഐസിസി വനിതാ ട്വന്റി-20 ക്രിക്കറ്റിൽ നിലവിലെ ചാന്പ്യന്മാരായ ഓസ്ട്രേലിയയ്ക്കു ഗ്രൂപ്പ് എയിൽ തുടർച്ചയായ മൂന്നാം ജയം. ഇന്നലെ നടന്ന മത്സരത്തിൽ ഓസ്ട്രേലിയ പാക്കിസ്ഥാനെ ഒന്‍പതു വിക്കറ്റിനു കീഴടക്കി.
ടോസ് നഷ്ടപ്പെട്ട് ക്രീസിലെത്തിയ പാക്കിസ്ഥാൻ 19.5 ഓവറിൽ 82 റൺസിനു പുറത്തായി. 11 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ ഓസ്ട്രേലിയ 83 റൺസ് അടിച്ചെടുത്ത് ജയമാഘോഷിച്ചു.
ലോകകപ്പ് പോയിന്റ് (എ)
ടീം, മത്സരം, ജയം, തോൽവി, പോയിന്റ്
ഓസ്ട്രേലിയ 3 3 0 6
ഇന്ത്യ 3 2 1 4
ന്യൂസിലൻഡ് 2 1 1 2
പാക്കിസ്ഥാൻ 3 1 2 2
ശ്രീലങ്ക 3 0 3 0