യൂത്ത് കോണ്ഗ്രസ്, യുവമോർച്ച മാർച്ചിൽ സംഘർഷം
1264624
Friday, February 3, 2023 11:53 PM IST
തിരുവനന്തപുരം: സംസ്ഥാന ബജറ്റിനെതിരെ യൂത്ത് കോണ്ഗ്രസ് സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം.ജനങ്ങളെ കൊള്ളയടിക്കുന്ന ബജറ്റിലെ നികുതി ഭീകരതയാണെന്ന് ആരോപിച്ചാണ് യൂത്ത് കോണ്ഗ്രസ് പ്രവർത്തകർ സെക്രട്ടേറിയേറ്റ് മാർച്ച് നടത്തിയത്. ബജറ്റിന്റെ കോപ്പി കത്തിച്ച പ്രവർത്തകർ തുടർന്ന് റോഡ് ഉപരോധിച്ചു. റോഡ് ഉപരോധിച്ച പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്യാൻ ശ്രമിച്ചതിനെ തുടർന്ന് പോലീസും പ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടായി.
യൂത്ത് കോണ്ഗ്രസ്നേതാക്കളായ സുധീർഷാ പാലോട് ,ഷജീർ നേമം, എ.ജി.ശരത്, കെ.എഫ്. ഫെബിൻ, അബീഷ് മണകാട്, അഫ്സൽ ബാലരാമപുരം ,മാഹിൻ പഴഞ്ചിറ, അൻഷാദ് ചാല, ആന്റണി ഫിനു, രതീഷ് കാരോട്, ജെറീഷ് ചെങ്കൽ, ലിജു, അഭിജിത്, സനിൽ മാറാടി , ഹൈദർ, കാസ്ട്രോ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. യൂത്ത് കോണ്ഗ്രസ് ജില്ലാ പ്രസിഡന്റ് സുധീർഷാ പാലോടിന്റെ നേതൃത്വത്തിൽ നടന്ന സമരം സംസ്ഥാന ജനറൽ സെക്രട്ടറി ജോബിൻ ജേക്കബ് ഉദ്ഘാടനം ചെയ്തു.
യുവമോർച്ച സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാർച്ചിനു നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. ജലപീരങ്കി പ്രയോഗത്തിൽ രണ്ട് പ്രവർത്തകർക്ക് പരിക്കേറ്റതായി നേതാക്കൾ അറിയിച്ചു.സംസ്ഥാന ബജറ്റിലെ നയങ്ങൾ ജനവിരുദ്ധമെന്നാരോപിച്ച് ഇന്നലെ വൈകുന്നേരമാണ് യുവമോർച്ച പ്രവർത്തകർ സെക്രട്ടേറിയറ്റിലേക്ക് മാർച്ച് നടത്തിയത്. പ്രകടനമായി എത്തിയ പ്രവർത്തകരെ സമരഗേറ്റിനു മുന്നിൽ പോലീസ് ബാരിക്കേഡ് തീർത്ത് തടഞ്ഞു.
പ്രതിഷേധ മുദ്രാവാക്യവുമായി പ്രവർത്തകർ ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചതിനെ തുടർന്ന് പോലീസ് ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു.