പൊങ്കാല കലങ്ങളുമായി കൃഷ്ണമ്മ ആറ്റുകാലിലുണ്ട്
1273906
Friday, March 3, 2023 11:01 PM IST
തിരുവനന്തപുരം : ആറ്റുകാല്‍ പൊങ്കാലയ്ക്ക് ഇനി ദിവസങ്ങൾ മാത്രം ബാക്കി നില്‍ക്കെ പൊങ്കാല കലങ്ങളുടെ വില്‍പ്പന തകൃതി.കഴിഞ്ഞ അറുപ്പത് വര്‍ഷമായി പൊങ്കാല കലങ്ങള്‍ വില്‍ക്കുന്ന കൃഷ്ണമ്മ എഴുപ്പത്തിയഞ്ചാം വയസിലും ആറ്റുകാലിലെത്തിയിട്ടുണ്ട്. തമിഴ്നാട് തക്കല മുട്ടയ്ക്കാട് സ്വദേശിനിയായ കൃഷ്ണമ്മ ആറ്റുകാലില്‍ കഴിഞ്ഞ മുപ്പതുവര്‍ഷമായി തുടര്ച്ചയായെത്തുന്നുണ്ട്. ഇപ്പോള്‍ മകളോടൊപ്പം പാപ്പനംകോട് പൂഴിക്കുന്ന് പ്ലാങ്കാലമുക്കിലാണ് താമസം.
ആറ്റുകാലില്‍ പൊങ്കാല കഴിഞ്ഞാല്‍ കരിക്കകം, വെള്ളായണി ദേവീക്ഷേത്രങ്ങളിലും പൊങ്കാല കലങ്ങള്‍ വില്ക്കാന് കൃഷ്ണമ്മ പോകും. ഇത്തവണ കിഴക്കേകോട്ടയിലാണ് കൃഷ്ണമ്മ പൊങ്കാല കലങ്ങളുമായി വില്‍പ്പനയ്ക്കെത്തിയിരിക്കുന്നത്. കൃഷ്ണമ്മയ്ക്ക് പുറമെ നിരവധിപേരാണ് പൊങ്കാല കലങ്ങള്‍ വില്ക്കുവാന് തലസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ എത്തിയിട്ടുള്ളത്. ആറ്റുകാല്‍, മണക്കാട്, ഐരാണിമുട്ടം, ചിറമുക്ക്, കിഴക്കേകോട്ട, കിള്ളിപ്പാലം തുടങ്ങിയവിടങ്ങളില്‍ ഉത്സവം തുടങ്ങിയ നാളു മുതല്‍ പൊങ്കാലകലങ്ങള്‍ വില്‍പ്പനയ്ക്കായി നിരന്നു. അടുത്ത ചൊവ്വാഴ്ചയാണ് പൊങ്കാല. ഇനിയുള്ള ദിവസങ്ങളില്‍ കലങ്ങളുടെ വില്‍പ്പന പൊടിപൊടിക്കും. തമിഴ്നാട്ടില്‍ നിന്നുമാണ് പൊങ്കാല കലങ്ങള്‍ വില്‍പ്പനയ്ക്കായി ഇറക്കിയിരിക്കുന്നത്.
മുന്‍ വര്‍ഷങ്ങളെക്കാള്‍ കലങ്ങള്‍ക്ക് പലേടത്തും പല വിലയാണ്. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ അഞ്ചു രൂപ മുതല്‍ പത്ത് രൂപ വരെയാണ് വില കൂടിയിട്ടുള്ളത്. വലിപ്പത്തിന് അനുസരിച്ച് നാല്‍പ്പതു രൂപ മുതല്‍ 200 രൂപവരെയുള്ള കലങ്ങളാണ് പ്രധാനമായും വില്‍പ്പനയ്ക്കെത്തിയിട്ടുള്ളത്.കലങ്ങളോടൊപ്പം ആവശ്യകാര്‍ക്ക് ചിരട്ടയില്‍ നിര്‍മിച്ച പൊങ്കാല തവികളും വില്‍പ്പനയ്ക്കുണ്ട്. ഉത്സവം തുടങ്ങിയതുമുതല്‍ പൊങ്കാല കലങ്ങളുടെ വിലപ്ന തുടങ്ങിയെങ്കിലും പൊങ്കാലയ്ക്ക് തലേനാളാണ് കച്ചവടം കൂടുതല്‍ നടക്കുന്നത്. അമ്പത്തിയൊന്ന് നൂറ്റിയൊന്ന് കലങ്ങളില്‍ പൊങ്കാലയിടുന്നവരുമുണ്ട്. ഇവര്‍ക്ക് ചെറിയ കലങ്ങളാണ് ആവശ്യം.