മഴക്കാലപൂർവ ശുചീകരണത്തിന്റെ പേരിൽ ഒഴുക്കിക്കളഞ്ഞതു കോടികൾ
1436971
Thursday, July 18, 2024 3:22 AM IST
തിരുവനന്തപുരം : നഗരത്തിലെ മാലിന്യനിർമാർജനത്തിനായി കോടികളാണു ഓരോ വർഷവും കോർപറേഷൻ തനതുഫണ്ടിൽ നിന്നും ചിലവാക്കുന്നത്. ചില പ്രത്യേക ഘട്ടങ്ങളിൽ സംസ്ഥാന സർക്കാരിന്റെ പ്ലാൻഫണ്ടും ലഭിക്കും. ഇത്തരത്തിൽ ശുചീകരണത്തിനായി ചിലവാക്കുന്ന തുകയുടെ കണക്ക് വ്യക്തമാണെങ്കിലും എവിടെ ചെലവഴിച്ചു, എങ്ങനെ ചിലവഴിച്ചുവെന്ന കാര്യത്തിൽ പലപ്പോഴും കണക്കുകൾ ജലരേഖയാണ്.
മാലിന്യസംസ്കരണത്തിനായി ഹരിതകർമസേനയടക്കമുള്ള വിവിധ ഏജൻസികളെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. ഈ ഏജൻസികൾ ശേഖരിക്കുന്ന മാലിന്യങ്ങൾ എവിടെയാണു സംസ്കരിക്കപ്പെടുന്നതെന്നു ചോദിച്ചാൽ ചിരിച്ചുകൊണ്ടേ കോർപറേഷൻ ഉദ്യോഗസ്ഥർക്കു മറുപടി പറയാൻ കഴിയൂ. കോർപറേഷനിൽ ഹെൽത്തു വിഭാഗത്തിന്റെ കീഴിൽ 25 ഹെൽത്ത് ഇൻസ്പെക്ടർ ഓഫീസുകളാണു സോണൽ ഓഫീസുകൾ കൂടി ചേർത്തു പ്രവർത്തിക്കുന്നത്.
ആകെ ശുചീകരണ തൊഴിലാളികളുടെ എണ്ണം 999 ആണ്. ഇതിൽ മരണപ്പെട്ടതടക്കം തൊഴിലാളികളുടെ കുറവുണ്ട്. ഈ അടുത്തകാലത്താണു ഒഴിവുവന്ന ജീവനക്കാരെ നിയമിക്കാനുള്ള നടപടികൾ കോർപറേഷൻ തുടങ്ങിയത്. കോടതിയുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങൾ വന്നതിനാലാണു ഒഴിവുകളിൽ നിയമനം നടത്താൻ തടസമായതെന്നാണു ബന്ധപ്പെട്ടവർ പറയുന്നത്. ഇപ്പോൾ 900 സ്ഥിരം ജീവനക്കാരും 320 താത്കാലിക ജീവനക്കാരുമാണു ശുചീകരണത്തിനായി കോർപറേഷനിലുള്ളത്. 56 പേരെ നിയമിക്കുന്നതിനായുള്ള നടപടിക്രമങ്ങൾ പൂർത്തിയായി.
ഇനി 41 പേരെ കൂടി നിയമിക്കുന്നതിനായുള്ള നടപടി ക്രമങ്ങൾ കോർപറേഷൻ സ്വീകരിച്ചു വരികയാണ്. 100 വാർഡുകളിലേയ്ക്കായി ശുചീകരണത്തിന് 999 തൊഴിലാളികൾ വളരെ കുറവാണ്. പലപ്പോഴും ദിവസവേതനാടിസ്ഥാനത്തിൽ ജോലിക്കാരെ തരപ്പെടുത്തിയാണു കോർപറേഷൻ ശുചീകരണ പ്രവർത്തനങ്ങൾ നടത്തിവരുന്നത്. കൂടുതൽ തൊഴിലാളികളെ നിയമിക്കാനായി സർക്കാരിനോട് ആവശ്യപ്പെട്ടെങ്കിലും അക്കാര്യത്തിൽ തീരുമാനമൊന്നും ഇതുവരെയും ഉണ്ടായിട്ടില്ല.
ആമയിഴഞ്ചാൻ തോടിൽ ശുചീകരണത്തിനായി കോർപറേഷൻ സ്വന്തം ജീവനക്കാരെയല്ല ഉപയോഗിക്കുന്നത്. ഒരു വർഷം മൂന്നു ഘട്ടങ്ങളിലായാണു തോടിന്റെ ശുചീകരണ പ്രവർത്തനം കോർപറേഷൻ നിശ്ചയിച്ചിട്ടുള്ളത്. ഇതിനായി പുറത്തുനിന്നുള്ള തൊഴിലാളികളെയാണു ദിവസവേതനാടിസ്ഥാനത്തിൽ ഉപയോഗിക്കുന്നത്. മഴക്കാലപൂർവ ശുചീകരണമെന്ന പേരിൽ കോടികളാണു ഓരോ വർഷവും കോർപറേഷൻ ചിലവാക്കുന്നത്. പകർച്ചവ്യാധികൾ പടരാതിരിക്കാനുള്ള ശ്രമത്തിന്റെ ഭാഗം കൂടിയാണ് ഈ ശുചീകരണം.
എന്നാൽ പലപ്പോഴും മഴയെത്തുന്പോഴാണു മഴക്കാലപൂർവശുചീകരണം കോർപറേഷൻ ആരംഭിക്കുന്നത്. ഇതിനായി വാർഡ് അടിസ്ഥാനത്തിലാണു പണം ചിലവാക്കുന്നത്. ഇക്കുറി മഴക്കാല പൂർവ ശുചീകരണത്തിന്റെ ഭാഗമായി ഓരോ വാർഡിനും ഒരു ലക്ഷം രൂപയാണു കോർപറേഷന്റെ തനതു ഫണ്ടിൽ നിന്നും ചെലവാക്കിയത്.
വാർഡുകളിൽ കൗണ്സിലർമാരുടെ നേതൃത്വത്തിലാണു ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നത്. ചില വാർഡുകളിൽ ഈ തുക ഉപയോഗിച്ചു ഫലപ്രദമായ രീതിയിൽ ശുചീകരണം നടക്കും. എന്നാൽ ഒരു രൂപപോലും ചെലവഴിക്കാത്ത വാർഡുകളും ഉണ്ടെന്നുള്ളതാണ് ആശ്ചര്യപ്പെടുത്തുന്നത്.
സ്വന്തം ലേഖകൻ