ജനറേറ്റര്‍ തുരുമ്പെടുത്ത് നശിക്കുന്നെന്ന്
1459993
Wednesday, October 9, 2024 8:05 AM IST
മെഡിക്കല്‍കോളജ്: 30ലക്ഷം രൂപ വിലവരുന്ന ജനറേറ്റര്‍ തുരുമ്പെടുത്ത് നശിക്കുന്നതായി ആരോപണം. തിരുവനന്തപുരം മെഡിക്കല്‍കോളജ് കാമ്പസില്‍ ഡിഎംഇ ഓഫീസിനു സമീപത്തെ കാര്‍ഷെഡിലാണ് ജനറേറ്റര്‍ സ്ഥാപിച്ചിരിക്കുന്നത്. വര്‍ഷങ്ങള്‍ക്കു മുമ്പാണ് എറണാകുളം ആസ്ഥാനമായുള്ള ഒരു കമ്പനിയില്‍ നിന്ന് ജനറേറ്റര്‍ വാങ്ങിയത്.
എന്നാല്‍ നാളിതുവരെ ഇതു പ്രവര്‍ത്തിപ്പിച്ചു കണ്ടിട്ടില്ലെന്ന് ജീവനക്കാർ പറയുന്നു. ജനറേറ്റർ ഉപയോഗിക്കാതായതോടെ പ്രവർന്നനരഹിതമായെന്നും ആരോപണമുണ്ട്. ഇത്തരമൊരു ജനറേറ്റര്‍ എസ്എടി ആശുപത്രിയുടെ പുതിയ കെട്ടിടത്തിനു സമീപവും വച്ചിട്ടുണ്ട്. ഇതും പ്രവര്‍ത്തിപ്പിച്ചിട്ടില്ലെന്നാണ് ആരോപണം. എസ്എടിയിലെ ഒരു ബ്ലോക്കില്‍ അടുത്തിടെ വൈദ്യുതി മുടങ്ങി പ്രശ്നം നേരിട്ട സംഭവം വന്‍ വിവാദമായിരുന്നു.
ഈയൊരു സാഹചര്യത്തില്‍ ലക്ഷങ്ങള്‍ വിലവരുന്ന ജനറേറ്ററുകള്‍ പൊതുജനങ്ങള്‍ക്കു പ്രയോജനപ്പെടാതെ തുരുമ്പെടുത്തു നശിക്കുന്നതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തണമെന്നു മെഡിക്കല്‍കോളജ് വാര്‍ഡ് മുന്‍ കൗണ്‍സിലര്‍ ജി.എസ് ശ്രീകുമാര്‍ ആവശ്യപ്പെട്ടു.