ചാലിയാർ പഞ്ചായത്തിൽ ഭീതി പരത്തി കാട്ടാനകൾ
1593155
Saturday, September 20, 2025 5:54 AM IST
ജനപ്രതിനിധികൾ മൗനത്തിൽ
നിലന്പൂർ:ചാലിയാർ പഞ്ചായത്തിലെ ജനവാസ മേഖലയിൽ കാട്ടാന അടക്കമുള്ള വന്യമൃഗ ശല്യം തുടരുന്പോൾ പരിഹാരം കാണാനാകാതെ രാഷ്ട്രീയ പാർട്ടികളും ജനപ്രതിനിധികളും മൗനത്തിൽ. പഞ്ചായത്തിന്റെ മലയോര മേഖലകളിലും പ്രധാന റോഡുകളിലും ജനവാസ മേഖലകളിലും കാട്ടാന ശല്യം അതിരൂക്ഷമായി തുടരുകയാണ്.
ഇതിനെതിരേ പ്രതിഷേധ സമരം സംഘടിപ്പിക്കാത്ത മുഖ്യധാര രാഷ്ട്രീയ പാർട്ടികളുടെ നിലപാടിൽ നാട്ടുകാർ കടുത്ത പ്രതിഷേധത്തിലാണ്. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് രണ്ടുമാസത്തിനുള്ളിൽ നടക്കാനിരിക്കെ വന്യമൃഗശല്യം രാഷ്ട്രീയ പാർട്ടികൾക്ക് കടുത്ത വെല്ലുവിളിയാകും.
മൂലേപ്പാടത്തിനും ഇടിവണ്ണക്കുമിടയിൽ കഴിഞ്ഞ പത്ത് ദിവസങ്ങൾക്കിടയിൽ വലിയ നാശനഷ്ടമാണ് കാട്ടാനകൾ വിതച്ചത്. വീടുകളുടെ മതിലുകൾ, എസ്റ്റേറ്റുകളുടെ ഗേറ്റുകൾ, കൃഷികൾ എല്ലാം കാട്ടാനകൾ നശിപ്പിക്കുകയാണ്. നിലന്പൂർ - നായാടംപൊയിൽ റോഡിലൂടെ രാത്രി ഏഴിന് ശേഷം യാത്ര ചെയ്യാൻ കഴിയാത്ത അവസ്ഥയാണ്.
മനുഷ്യ -വന്യമ്യഗശല്യത്തിനെതിനെ ലഘൂകരണ തീവ്രയജ്ഞ പരിപാടിക്ക് വനം വകുപ്പ് തുടക്കമിട്ടിട്ടുണ്ടെങ്കിലും കാടിറങ്ങി നാട്ടിലെത്തുന്ന അപകടകാരികളായ കാട്ടാനകളെ കാടുകയറ്റാൻ നടപടിയില്ല. കാട്ടാനകൾ കൂട്ടത്തോടെ ജനവാസ മേഖലയുടെ സമീപമുള്ള വന മേഖലയിൽ നിലയുറപ്പിക്കുന്ന സാഹചര്യത്തിൽ കൃഷി ചെയ്ത് ജീവിക്കാൻ കഴിയുന്നില്ല കർഷകർക്ക്. വീടുകളുടെ മതിൽ തകർത്ത് കാട്ടാനകൾ വീട്ടുമുറ്റങ്ങളിലേക്ക് എത്തുന്നത് ജനങ്ങളെ ഭീതിയിലാക്കിയിരിക്കുകയാണ്.
മൈലാടി, പെരുന്പത്തൂർ, മണ്ണുപ്പാടം, കോരംകക്കാട്, ആനപ്പാറ, ഇടിവണ്ണ എച്ച് ബ്ലോക്ക് എന്നിവിടങ്ങളിലാണ് വീടുകളുടെ മതിലുകൾ കാട്ടാനകൾ തകർത്തത്. ചാലിയാറിലെ അപകടകാരികളായ കാട്ടാനകളെ കാടുകയറ്റാൻ ശക്തമായ നടപടിയാണ് വേണ്ടതെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.