നാടകാചാര്യൻ ടി.പി. ഗോപാലനെ അനുസ്മരിച്ചു
1593161
Saturday, September 20, 2025 5:54 AM IST
പെരിന്തൽമണ്ണ :വള്ളുവനാട്ടിന്റെ നാടകാചാര്യൻ ടി.പി. ഗോപാലന് പെരിന്തൽമണ്ണയുടെ ആദരം. പെരിന്തൽമണ്ണ നഗരസഭ കെ.ടി. നാരായണൻ മാസ്റ്റർ ടൗണ്‍ ഹാളിൽ അനുസ്മരണവും നാടക പ്രവർത്തകർക്ക് ആദരവും നാടകവതരണവും നടന്നു. നാടക ഗാലറി, ലോഗോ പ്രകാശനം, ഡോക്യുമെന്ററി പ്രകാശനം എന്നിവയും സംഘടിപ്പിച്ചു.
പെരിന്തൽമണ്ണയിലെ ടി.പി. ഗോപാലൻ സ്മാരക സമിതിയാണ് പരിപാടി സംഘടിപ്പിച്ചത്.കേരള നാടക അക്കാഡമി സെക്രട്ടറി കരിവെള്ളൂർ മുരളി പരിപാടി ഉദ്ഘാടനം ചെയ്തു. ടി.പി. സ്മാരക സമിതി ചെയർമാൻ ഡോ.എസ്.സഞ്ജയ് അധ്യക്ഷനായിരുന്നു.
സിനിമതാരം ഗായത്രി വർഷ മുഖ്യാതിഥിയായി. പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന വൈസ് പ്രസിഡന്റ് പ്രഫ. എം.എം. നാരായണൻ അനുസ്മരണ പ്രഭാഷണം നടത്തി. നാടക ഗാലറി കെ.പി. രമണനും ലോഗോ പ്രകാശനം ചെറുകാട് സ്മാരക ട്രസ്റ്റ് ചെയർമാൻ വി. ശശികുമാറും ഉദ്ഘാടനം ചെയ്തു.
ആദ്യകാല നാടക പ്രവർത്തകരെ ചടങ്ങിൽ ആദരിച്ചു. നോർക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ, നാടക, ചലച്ചിത്രനടി നിലന്പൂർ ആയിഷ, പി.സി. ദേവകി, പ്രഫ. പി. ഗംഗാധരൻ, വിജയലക്ഷ്മി പനങ്ങാട്, സി. വാസുദേവൻ, കെ.പി. രമണൻ, പി.പി. വാസുദേവൻ, ഡോ. വി. വേണുഗോപാൽ, വി. രമേശൻ, ഇ. രാജേഷ്, സി. ദിവാകരൻ, പാലനാട് ദിവാകരൻ, കീഴാറ്റൂർ അനിയൻ, മേലാറ്റൂർ രവിവർമ, വേണുപാലൂർ, എം. പാർഥസാരഥി, ശ്രീധരൻ പാലൂർ എന്നിവർ സന്നിഹിതരായി.
ടി.പി. ഗോപാലന്റെ സഹധർമിണി കമലാക്ഷി അമ്മ, മക്കളായ സാഗരൻ, സർഗ തുടങ്ങി കുടുംബാംഗങ്ങളും പങ്കെടുത്തു. ലിറ്റിൽ എർത്ത് സ്കൂൾ ഓഫ് തിയേറ്റർ അവതരിപ്പിച്ച കൂഹൂ നാടകവും അരങ്ങേറി.