ചികിത്സക്കായി ബിരിയാണി ചലഞ്ച്
1593166
Saturday, September 20, 2025 6:00 AM IST
എടക്കര: എട്ട് വർഷമായി എടക്കര കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മിത്രം ചാരിറ്റബിൾ ട്രസ്റ്റ് ഫണ്ട് ശേഖരണത്തിനായി ബിരിയാണി ചലഞ്ച് സംഘടിപ്പിക്കുന്നു. ചികിത്സക്ക് പണമില്ലാതെ പ്രയാസപ്പെടുന്ന സഹോദരങ്ങൾക്ക് പരമാവധി സഹായം എത്തിക്കുകയാണ് ലക്ഷ്യം.
ചൊവ്വാഴ്ചയാണ് ബിരിയാണി ചലഞ്ച് സംഘടിപ്പിക്കുന്നത്. ബിരിയാണി ചലഞ്ചിന് സുമനസുകളുടെ സഹായം ഉണ്ടാകണമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. 50 രോഗികൾക്കാണ് മാസംതോറും ചികിത്സക്ക് ആവശ്യമായ മരുന്നിനുള്ള പണം ട്രസ്റ്റ് നൽകി വരുന്നത്. സഹജീവിയെ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് ട്രസ്റ്റിന്റെ പ്രവർത്തനം. സഹായം തേടിയുള്ള രോഗികളുടെ എണ്ണം വർധിച്ച സാഹചര്യത്തിൽ കൂടുതൽ പേരിലേക്ക് സഹായമെത്തിക്കാനുള്ള പരിശ്രമത്തിലാണ് ട്രസ്റ്റ്.
പ്രവർത്തന ഫണ്ട് കണ്ടെത്താൻ ഇത് മൂന്നാം തവണയാണ് ട്രസ്റ്റ് ബിരിയാണി ചലഞ്ച് സംഘടിപ്പിക്കുന്നത്. വ്യാപാരികൾ, സന്നദ്ധ സംഘടനകൾ, വിവിധ ക്ലബുകൾ, വിദ്യാർഥികൾ, എൻഎസ്എസ് വോളണ്ടിയർമാർ എന്നിവയുടെ സഹകരണത്തോടെയാണ് ബിരിയാണി ചലഞ്ച് നടത്തുന്നത്.
കഴിഞ്ഞ വർഷം നടത്തിയ ചലഞ്ചിൽ പതിനായിരത്തോളം ബിരിയാണികളാണ് വിറ്റഴിച്ചത്. 8111862111 നന്പറിൽ വിളിച്ചും ബിരിയാണി ഓർഡർ ചെയ്യാവുന്നതാണെന്ന് ട്രസ്റ്റ് പ്രസിഡന്റ് എ.കെ. ജോസഫ്, ജനറൽ സെക്രട്ടറി സി.എച്ച്. സമീർ, ട്രഷറർ അർഷാദ് ആരിഫ്, ആസിഫ് റഹ്മാൻ, ടി.ഡി. ജോർജ് എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.