മഞ്ചേരി ഷോപ്പിംഗ് കോംപ്ലക്സ് നിർമാണം : മുഖ്യമന്ത്രിക്ക് പരാതി നൽകി
1593160
Saturday, September 20, 2025 5:54 AM IST
മഞ്ചേരി : നഗരമധ്യത്തിലുണ്ടായിരുന്ന പഴയ ബസ് സ്റ്റാൻഡ് പൊളിച്ചു മാറ്റി നിർമിക്കുന്ന ബസ് ബേ കം ഷോപ്പിംഗ് കോംപ്ലക്സിന്റെ പ്രവൃത്തി ദ്രുതഗതിയിൽ പുരോഗമിക്കവേ കെട്ടിട നിർമാണത്തിലെ സുരക്ഷാ വീഴ്ച ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് പരാതി.
പൊതുപ്രവർത്തകനും എളങ്കൂർ കേൻ സൊസൈറ്റി ജനറൽ സെക്രട്ടറിയുമായ എം. അബ്ദുൾ മജീദാണ് പരാതി നൽകിയത്. ഗ്രൗണ്ട് ഫ്ളോർ അടക്കം മൂന്ന് നിലകളുള്ള കെട്ടിടത്തിനു മുകളിൽ നാലുഭാഗവും സ്ഥാപിച്ചിട്ടുള്ള പാരപ്പെറ്റ് സംബന്ധിച്ചാണ് പരാതി. കോണ്‍ക്രീറ്റ് ചെയ്യുന്നതിനു പകരം അഞ്ച് വരികളിലായി ഹോളോബ്രിക്സ് ഉപയോഗിച്ചാണ് പാരപ്പെറ്റ് നിർമിച്ചിട്ടുള്ളത്.
കെട്ടിടത്തിനു ചുറ്റും വീതി കൂടിയ റോഡാണുള്ളത്. തെരഞ്ഞെടുപ്പ് കൊട്ടികലാശം, പ്രകടനങ്ങൾ, ഘോഷയാത്രകൾ എന്നിവ നടക്കുന്പോൾ ആളുകൾ ഇവ വീക്ഷിക്കാനായി കെട്ടിടത്തിനു മുകളിൽ കയറുന്നത് പതിവാണ്.
ഇത്തരത്തിൽ നെഞ്ചോളം ഉയരത്തിലുള്ള പാരപ്പെറ്റിൽ ജനക്കൂട്ടം ചാരി നിൽക്കുന്നത് വൻദുരന്തത്തിനിടയാക്കുമെന്നാണ് മുന്നറിയിപ്പ്. പരാതി പരിശോധിച്ച മുഖ്യമന്ത്രി ഇക്കാര്യത്തിൽ അന്വേഷണം നടത്താൻ മലപ്പുറം ജില്ലാ എൽഎസ്ജിഡി ജോയിന്റ് ഡയറക്ടർക്ക് നിർദേശം നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ ജോയിന്റ് ഡയറക്ടർ മഞ്ചേരി മുനിസിപ്പൽ സെക്രട്ടറിയോട് വിശദീകരണം തേടി. കെട്ടിടം അടുത്തമാസം മധ്യത്തോടെ ഉദ്ഘാടനം ചെയ്യാനാണ് നഗരസഭയുടെ പദ്ധതി.
നഗരസഭയുടെ സ്വപ്ന പദ്ധതിയായ അഹമ്മദ് കുരിക്കൾ സ്മാരക ബസ് ബേ കം ഷോപ്പിംഗ് കോംപ്ലക്സിന് 2024 ഫെബ്രുവരി മൂന്നിനാണ് അഡ്വ. യു.എ. ലത്തീഫ് എംഎൽഎ തറക്കല്ലിട്ടത്. എറണാകുളം ആസ്ഥാനമായി പ്രവർത്തിക്കുന്ന ടി.എ. സേവിയർ ആൻഡ് സണ്‍സ് നിർമാണ കന്പനിയാണ് കരാർ ഏറ്റെടുത്തത്. ആദ്യഘട്ടത്തിൽ മൂന്ന് നിലകളിലായി 114 മുറികളും സജ്ജമാക്കും.
5.72 കോടി രൂപക്കാണ് നിർമാണ പ്രവൃത്തി ടെൻഡർ എടുത്തത്. ഇതിന് പുറമെ ഒരു കോടി രൂപ വൈദ്യുതീകരണം, ലിഫ്റ്റ്, ഫയർ ആൻഡ് സംവിധാനം എന്നിവക്ക് 20 ലക്ഷം രൂപ വീതവും ചെലവ് വരും. ബസുകൾ കടന്നുപോകുന്ന ഭാഗത്ത് ഇന്റർലോക് വിരിക്കും.
ഇതിനുള്ള തുകയും എസ്റ്റിമേറ്റിലുണ്ട്. ഒന്‍പതര കോടി രൂപയുടെ എസ്റ്റിമേറ്റാണ് തയാറാക്കിയത്. ഇതിൽ ഒന്‍പത് കോടി രൂപ മഞ്ചേരി സർവീസ് സഹകരണ ബാങ്കിൽ നിന്ന് വായ്പയെടുക്കും. വാണിജ്യകേന്ദ്രങ്ങൾക്ക് പുറമെ, ഓപ്പണ്‍ ഓഡിറ്റോറിയം, പാർക്കിംഗ് ഏരി, ടോയ്ലറ്റ് കോംപ്ലക്സ് എന്നിവയും പുതിയ സമുച്ചയത്തിലുണ്ടാകും.