യുവതിയുടെ ആത്മഹത്യ: സ്വകാര്യ ബസ് ഡ്രൈവര്‍ അറസ്റ്റില്‍
1298386
Monday, May 29, 2023 11:23 PM IST
ബാലുശ്ശേരി: യുവതിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സ്വകാര്യ ബസ് ഡ്രൈവര്‍ അറസ്റ്റില്‍.ബസിലെ സ്ഥിരം യാത്രക്കാരിയായ യുവതിയുടെ മരണവുമായി ബന്ധപ്പെട്ടാണ് നന്മണ്ട സ്വദേശി ശരത് ലാല്‍(31) നെ കാക്കൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഏപ്രില്‍ 24നാണ് യുവതി ജീവനൊടുക്കിയത്. കോഴിക്കോട്-ബാലുശ്ശേരി റൂട്ടിലോടുന്ന സ്വകാര്യ ബസ് ഡ്രൈവറാണ് ശരത്ലാല്.
യുവതിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ടു നടത്തിയ അന്വേഷണത്തില്‍ നിന്നു പ്രതി ഡ്രൈവറായി പോകുന്ന ബസില്‍ സ്ഥിരമായി യാത്ര ചെയ്തിരുന്ന യുവതിയുമായി ഉണ്ടായിരുന്ന പരിചയം മുതലെടുത്ത് സാമ്പത്തിക ഇടപാടുകള്‍ നടത്തിയിരുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്.
യുവതി പണം തിരികെ ചോദിച്ചപ്പോള്‍ ഭീഷണിപ്പെടുത്തി. ജോലിസ്ഥലത്ത് എത്തി മാനഹാനി വരുത്തുമെന്നും കുടുംബ ജീവിതം തകര്‍ക്കുമെന്നും ഭീഷണിപ്പെടുത്തിയ പ്രതി യുവതിയെ പലതവണ ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിച്ചതായും അന്വേഷണത്തില്‍ വ്യക്തമായി.
യുവതിയുടെ മൊബൈല്‍ ഫോണ്‍,വാട്സാപ്പ് ചാറ്റുകള്‍ എന്നിവ പരിശോധിച്ചും യുവതി ജോലി ചെയ്തിരുന്ന സ്ഥലത്തും നടത്തിയ അന്വേഷണത്തിലാണ് പ്രതിയുടെ പങ്ക് വ്യക്തമായത്.
കാക്കൂര്‍ സിഐ സനല്‍രാജിന്റെ നേതൃത്വത്തില്‍ എസ്ഐമാരായ ജീഷ്മ.വി, ജയരാജന്. കെ, എഎസ്ഐമാരായ സപ്നേഷ്.ഒ, ബിജെഷ്.കെ.എം, എസ്പിസിഒ ഷംനാസ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. പ്രതിക്ക് ഇത്തരത്തില്‍ കൂടുതല്‍ യുവതികളുമായി ബന്ധമുള്ളതായി അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ഇതേക്കുറിച്ച് അന്വേഷണം നടന്നുവരികയാണെന്ന് പോലീസ് അറിയിച്ചു.