കുറ്റ്യാടി പീഡനം: പോലീസ് ഉദാസീനതക്കെതിരേ കേസ്
1337959
Sunday, September 24, 2023 12:56 AM IST
കോഴിക്കോട്: കുറ്റ്യാടി കക്കട്ടിലിൽ വിവാഹം കഴിച്ചു കൊണ്ടുവന്ന ഹൈദരാബാദ് സ്വദേശിനിക്ക് ഭർതൃവീട്ടിൽ പീഡനം സംഭവിച്ചിട്ടും പോലീസ് കേസെടുക്കാതെ ഉദാസീനത കാണിച്ചെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. കോഴിക്കോട് റൂറൽ ജില്ലാ പോലീസ് മേധാവി അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആക്റ്റിംഗ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജുനാഥ് ആവശ്യപ്പെട്ടു.
വീടിന്റെ മുകൾനിലയിൽ ഉറങ്ങുന്നതിനിടയിലാണ് മുഖം മൂടി ധരിച്ച അജ്ഞാതൻ യുവതിയെ ആക്രമിച്ചത്. ഭർതൃമാതാവും കുഞ്ഞുമാണ് വീട്ടിൽ ഉണ്ടായിരുന്നത്. ഞായറാഴ്ച പുലർച്ചെയുണ്ടായ സംഭവത്തിൽ പോലീസ് തെളിവുശേഖരണത്തിന് എത്തിയത് ഞായറാഴ്ച വൈകീട്ടാണെന്നും മൊഴിയെടുക്കാൻ വിളിപ്പിച്ച പോലീസ് വഴിയിൽ ഇറക്കിവിട്ടെന്നും എഫ്ഐആറിന്റെ പകർപ്പ് നൽകിയില്ലായെന്നും പരാതിയിൽ പറയുന്നുണ്ട്. എന്നാൽ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്. പ്രതിയെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും പോലീസ് പറഞ്ഞു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി.