നാദാപുരം: പ്ലാസ്റ്റിക് മാലിന്യം ഉൾപ്പെടെ കത്തിച്ച ടെക്സ്റ്റൈൽസിനും മാലിന്യം ചാക്കുകെട്ടുകളിൽ സംസ്ഥാനപാതയോരത്ത് വലിച്ചെറിഞ്ഞ ഹോട്ടലിനും എതിരേ നാദാപുരം പഞ്ചായത്ത് പിഴ ചുമത്തി. നാദാപുരം ബസ്റ്റാൻഡിനു പിറകിൽ പ്രവർത്തിക്കുന്ന ഒരു ടെക്സ്റ്റൈൽസിലെ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ കഴിഞ്ഞദിവസം സ്ഥാപനത്തിന്റെ പിറകുവശത്തുള്ള ഗ്രൗണ്ടിന് സമീപത്ത് വച്ചു കത്തിച്ചതിന്റെ ഫോട്ടോ, വീഡിയോ എന്നിവ സഹിതം പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെടുത്തത്.
സ്ഥാപനത്തിന് പതിനായിരം രൂപ പിഴ ചുമത്തി നോട്ടീസ് നൽകി. കസ്തൂരികുളത്ത് പ്രവർത്തിക്കുന്ന ഒരു ഹോട്ടലിലെ പത്തോളം ചാക്ക് മാലിന്യങ്ങൾ സംസ്ഥാന പാതയോരത്ത് വലിച്ചെറിഞ്ഞ നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് പതിനായിരം രൂപ പിഴ ചുമത്തി. ഏഴു ദിവസത്തിനകം പിഴ ഒടുക്കിയില്ലെങ്കിൽ പ്രോസിക്യൂഷൻ നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു. പഞ്ചായത്ത് സെക്രട്ടറി ഇൻചാർജ് ടി. പ്രേമാനന്ദൻ, ഹെൽത്ത് ഇൻസ്പെക്ടർ കെ. സതീഷ് ബാബു എന്നിവർ പരിശോധനകൾക്കും നടപടികൾക്കും നേതൃത്വം നൽകി.