പാതയോരം കോൺക്രീറ്റ് ചെയ്തെന്ന് പരാതി; പൊളിക്കാൻ സ്വകാര്യ വ്യക്തിക്ക് നോട്ടീസ്
1425593
Tuesday, May 28, 2024 7:56 AM IST
ചക്കിട്ടപാറ: പാതയോരം കോൺക്രീറ്റ് ചെയ്ത് നന്നാക്കിയ സ്വകാര്യ വ്യക്തിക്കു പിഡബ്ല്യുഡി വക നോട്ടീസ്. ചക്കിട്ടപാറ - നരിനട റോഡിലെ കോൺക്രീറ്റ് ചെയ്ത ഭാഗം പൊളിച്ചു നീക്കണമെന്നാണ് പേരാമ്പ്ര എഇ നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതനുസരിച്ച് സ്വകാര്യ വ്യക്തി ഇത് പൊളിക്കാൻ ആളെ ചുമതലപ്പെടുത്തി. പണി തുടങ്ങിയപ്പോൾ നാട്ടുകാരെത്തി തടഞ്ഞു.
നന്നാക്കിയ ഭാഗം നാടിനു ഉപകാര പ്രദമായതിനാൽ പൊളിക്കേണ്ടതില്ലെന്നാണ് നാട്ടുകാരുടെ വാദം. സ്വകാര്യ വ്യക്തി തന്റെ സ്ഥലത്ത് നിർമിച്ച കെട്ടിടത്തിനു ചുറ്റും നന്നാക്കിയപ്പോഴാണ് മുൻഭാഗത്തെ പാതയോരം കുഴിയടച്ച് നേരെയാക്കിയത്. ഇതിനെതിരേ ആരോ പരാതി നൽകിയപ്പോഴാണ് കോൺക്രീറ്റ് ചെയ്ത് കുഴിയടച്ചഭാഗം പൊളിക്കാൻ പിഡബ്ല്യുഡി നോട്ടീസ് നൽകിയത്.