കക്കയം ഡാം റിസർവോയറിൽ കോടമഞ്ഞ്:ബോട്ടിൽ സഞ്ചരിച്ചവർ തിരികെ വരാൻ കഴിയാതെ കുടുങ്ങി
1425602
Tuesday, May 28, 2024 7:56 AM IST
കൂരാച്ചുണ്ട്: കെഎസ്ഇബിയുടെ അധീനതയിലുള്ള കക്കയം ഹൈഡൽ ടൂറിസം കേന്ദ്രത്തിലെ ഡാം റിസർവോയറിൽ ബോട്ട് സഞ്ചാരത്തിന് എത്തിയവർ റിസർവോയറിൽ കോടമഞ്ഞ് നിറഞ്ഞത് മൂലം മടക്കയാത്രയിൽ കുടുങ്ങി. കഴിഞ്ഞ ദിവസം കണ്ണൂരിൽ നിന്നും കാക്കയം ഡാം റിസർവോയറിലെ ബോട്ട് സഞ്ചാരത്തിനായി എത്തിയ സംഘത്തിലെ വിനോദ സഞ്ചാരികളാണ് രണ്ടുമണിക്കൂറോളം സമയം റിസർവോയറിൽ മടങ്ങാൻ കഴിയാതെ കുടുങ്ങിയത്.
അഞ്ചുപേരാണ് ബോട്ടിൽ യാത്ര ചെയ്തത്. രാവിലെ 11.15 ഓടെ ബോട്ടിൽ കയറിയ സഞ്ചാരികൾ യാത്ര കഴിഞ്ഞ് 15 മിനിറ്റുകൊണ്ട് മടങ്ങി എത്തേണ്ട സ്ഥാനത്ത് മണിക്കൂറുകൾ കഴിഞ്ഞും മടങ്ങിയെത്താൻ കഴിയാതെയായി. സമയം കഴിഞ്ഞും ബോട്ട് മടങ്ങിയെത്താത്തത് കൂടെയുണ്ടായിരുന്ന സംഘത്തെ ഏറെ ആശങ്കയിലാക്കി.
എന്നാൽ കോടമഞ്ഞ് മൂലം മടങ്ങിയെത്താൻ കഴിയാത്തതാണെന്ന് കരയിലേക്ക് വിവരം നൽകാൻ പോലും യാതൊരു സംവിധാനങ്ങളും ടൂറിസം കേന്ദ്രത്തിൽ ഒരുക്കിയിട്ടില്ലെന്നാണ് സന്ദർശകരുടെ പരാതി. കക്കയം ഡാം മേഖലയിൽ മൊബൈൽ ഫോൺ നെറ്റ് വർക്ക് സംവിധാനങ്ങൾ ലഭ്യമല്ലാത്തതും പ്രതിസന്ധിക്ക് കാരണമാകുന്നുണ്ട്.
മഴക്കാലമായതോടെ റിസർവോയറില്‍ കോടമഞ്ഞ് നിറയുന്നത് പതിവാണ്. എന്നാൽ അത്യാവശ്യ ഘട്ടങ്ങളിൽ കരയിലേക്ക് വിവരങ്ങൾ നൽകാൻ വയർലസ് സംവിധാനങ്ങളോ വോക്കി ടോക്കി സംവിധാനങ്ങളോ യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് ഒരുക്കണമെന്നാണ് ആവശ്യം ഉയരുന്നത്. റിസർവോയറിലൂടെ പത്ത് കിലോമീറ്റർ ദൂരമാണ് ബോട്ടിൽ സഞ്ചാരം നടത്തുന്നത്.