വയോധിക ഷോക്കേറ്റ് മരിച്ച സംഭവം കെഎസ്ഇബിക്കെതിരേ കുടുംബം
1577984
Tuesday, July 22, 2025 4:53 AM IST
കൊയിലാണ്ടി: കൊയിലാണ്ടിയില്‍ വയോധിക ഷോക്കേറ്റ് മരിച്ചതില്‍ കെഎസ്ഇബിക്കെതിരേ ആരോപണവുമായി കുടുംബം. വര്‍ഷങ്ങളായി വീടിനു മുകളിലൂടെ പോകുന്ന ഇലക്ട്രിക് ലൈനാണ് അപകടം ഉണ്ടാക്കിയതെന്നും ഈ ലൈന്‍ മാറ്റാന്‍ നേരത്തെ ആവശ്യപ്പെട്ടിട്ടും കെഎസ്ഇബി നടപടി എടുത്തില്ലെന്നുമാണ് പരാതി.
രേഖാമൂലം പരാതി നല്കിയില്ലെങ്കിലും റീഡിംഗ് എടുക്കാനായി വരുന്ന ലൈന്‍മാൻമാരോട് ഇക്കാര്യം പറയാറുണ്ടായിരുന്നു. ഫോട്ടോയെടുത്ത് പോകുകയല്ലാതെ മറ്റൊരു നടപടിയും എടുത്തില്ലെന്നും കുടുംബം പറയുന്നു. കഴിഞ്ഞ ദിവസമാണ് കൊയിലാണ്ടി കുറുവങ്ങാട് സ്വദേശി ഫാത്തിമ ഷോക്കേറ്റ് മരിച്ചത്. മരം വീണ് ഇലക്ട്രിക് ലൈന്‍ പൊട്ടി വീണതില്‍ നിന്ന് ഷോക്കേറ്റാണ് ഫാത്തിമ മരിച്ചത്.
തൊട്ടടുത്ത വീട്ടിലെ പറമ്പില്‍ നിന്നും മരം കടപുഴകി വൈദ്യുതി ലൈനില്‍ വീഴുകയായിരുന്നു. ശബ്ദം കേട്ട് നോക്കാൻ പോയ ഫാത്തിമയ്ക്ക് ഷോക്ക് ഏല്‍ക്കുകയായിരുന്നു. ഉടന്‍ തന്നെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചിരുന്നു. രോഗിയായ ഭര്‍ത്താവും മരിച്ച ഫാത്തിമയും മാത്രമാണ് വീട്ടിലുള്ളത്. കെഎസ്ഇബിയുടെ ഉന്നതതല സംഘം സംഭവ സ്ഥലം സന്ദശിച്ച് റിപ്പോർട്ട് ബന്ധപ്പെട്ടവർക്ക് നൽകിയിട്ടുണ്ട്.