നോര്‍ക്ക റൂട്ട്സ് സാന്ത്വന അദാലത്തിന് തുടക്കം
1577977
Tuesday, July 22, 2025 4:53 AM IST
കോഴിക്കോട്: നോര്‍ക്ക റൂട്ട്സിന്റെ പ്രവാസികള്‍ക്കുള്ള സാന്ത്വന പദ്ധതി അദാലത്തിന് ജില്ലയില്‍ തുടക്കം. കൊയിലാണ്ടി മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ നടന്ന അദാലത്തില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത പ്രവാസികളില്‍നിന്ന് പെണ്മക്കളുടെ വിവാഹം, ചികിത്സ എന്നിവക്കും മരണപ്പെട്ട പ്രവാസിയുടെ കുടുംബത്തിനുള്ള ധനസഹായത്തിനുമുള്ള അപേക്ഷകള്‍ സ്വീകരിച്ചു.
കൊയിലാണ്ടി മുനിസിപ്പല്‍ വൈസ് ചെയര്‍പേഴ്സണ്‍ അഡ്വ. കെ സത്യന്, മുന്‍ എംഎല്‍എ പി. വിശ്വന്, ലോക കേരള സഭാംഗം പി കെ കബീര്‍, പ്രവാസി സംഘം ജില്ലാ പ്രസിഡന്റ് കെ. സജീവന്, ജില്ലാ സെക്രട്ടറി സി.വി. ഇക്ബാല്‍, ജില്ലാ ട്രഷറര്‍ എം. സുരേന്ദ്രന്, ജനതാ പ്രവാസി സെന്റര്‍ സംസ്ഥാന സെക്രട്ടറി രാജന് കൊളാവിപ്പാലം എന്നിവര്‍ അദാലത്തില്‍ പങ്കെടുത്തു. നോര്‍ക്ക റൂട്ട്സ് കോഴിക്കോട് സെന്റര്‍ മാനേജര്‍ സി. രവീന്ദ്രന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരാണ് അപേക്ഷകള്‍ സ്വീകരിച്ചത്. അടുത്ത സാന്ത്വന അദാലത്ത് ആഗസ്റ്റ് 16ന് കുറ്റ്യാടി പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ നടക്കുമെന്ന് നോര്‍ക്ക റൂട്ട്സ് സെന്റര്‍ മാനേജര്‍ അറിയിച്ചു.